ഭക്തര്‍ പ്രകോപിതരാണ്, യുവതികളെ പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍; പിന്മാറില്ലെന്ന് യുവതികള്‍

single-img
24 December 2018

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി എത്തിയ രണ്ടു യുവതികളെ പോലീസ് സാഹചര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ പിന്തിരിപ്പിക്കാനുള്ള അനുനയ ശ്രമങ്ങള്‍ നടന്ന് വരികയാണ്.

പോലീസിന്റെ സുരക്ഷ ആവശ്യമില്ലെന്നാണ് അവര്‍ പറയുന്നത്. കൂറേ ഭക്തര്‍ അവിടെ പ്രകോപിതരായി നില്‍ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവരുടെ ജീവന്‍ രക്ഷിക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. തിരിച്ചുപോകില്ലെന്ന നിലപാടില്‍ തന്നെയാണ് യുവതികളുള്ളത്.

എന്നാല്‍ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമാണെന്ന് പോലീസ് അവരെ പറഞ്ഞ് മനസ്സിലാക്കുകയാണ്. അവിടെ എന്തെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ അത് നിരപരാധികളും നിഷ്‌കളങ്കരുമായ ഭക്തരെ ബാധിക്കും. അതുകൊണ്ടാണ് പൊലീസ് അത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിയെ കുറിച്ച് തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയില്‍ എത്ര കക്കൂസ് ഉണ്ടെന്നുള്ള അന്വേഷണത്തിനല്ല ഹൈക്കോടതി സമിതിയെ നിയോഗിച്ചത്. സത്രീ പ്രവേശനമടക്കം അവിടെ ഉയര്‍ന്ന് വന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെയും പശ്ചാത്തലത്തിലാണ് നിരീക്ഷക സമിതിയെ നിയോഗിച്ചിട്ടുള്ളത്.

സാധാരണക്കാരായിട്ടുള്ള ആളുകള്‍ അല്ല സമിതിയില്‍ ഉള്ളത്. രണ്ട് സമുന്നതരായ മുതിര്‍ന്ന ജഡ്ജിമാരും ഐപിഎസ് ഓഫീസറുമാണ്. അവര്‍ ദേവസ്വം ബോര്‍ഡിന് നിര്‍ദേശങ്ങള്‍ നല്‍കണം. മറ്റുള്ള കാര്യങ്ങള്‍ക്ക് അവിടെ മറ്റൊരു സമിതി ഉണ്ട്. എല്ലാ ദിവസവും ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുന്നുമുണ്ടെന്നും കടകംപള്ളി പറഞ്ഞു.