‘നവോത്ഥാനം’ പണിയേണ്ട; റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്ലോട്ട് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി; പിന്നില്‍ രാഷ്ട്രീയ അജണ്ട ?

single-img
24 December 2018

റിപ്പബ്ലിക്ക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ ഫ്‌ലോട്ട് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. വൈക്കം സത്യാഗ്രഹവും ക്ഷേത്രപ്രവേശനവുമുള്‍പ്പെടെയുള്ള നവോത്ഥാന മുന്നേറ്റങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്‌ലോട്ടാണ് ഇത്തവണ കേരളം അവതരിപ്പിക്കാനിരുന്നത്. ഫ്‌ലോട്ടിന് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പ്രേരിതമെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ശബരിമല വിഷയത്തില്‍ നവോത്ഥാനം പ്രചാരണ വിഷയമാക്കി കേരള സര്‍ക്കാരും സിപിഎമ്മും ശക്തമായി മുന്നോട്ട് പോകുന്നതിനിടയിലാണ് വൈക്കം സത്യാഗ്രഹം, ക്ഷേത്ര പ്രവേശന വിളംബരം എന്നിവ അടിസ്ഥാനമാക്കിയുള്ള ഫ്‌ലോട്ടിന് കേരളം അനുമതി തേടിയത്.

ഫ്‌ലോട്ട് അവതരിപ്പിക്കാനായി പരിഗണിച്ചിരുന്ന 19 സംസ്ഥാനങ്ങളില്‍ കേരളവും ഇടം പിടിച്ചിരുന്നു. എന്നാല്‍, പിന്നീട് തയ്യാറാക്കിയ ചുരുക്ക പട്ടികയില്‍ നിന്ന് കേരളത്തെ ഒഴിവാക്കുകയായിരുന്നു. കേരളം മുന്നോട്ടു വെച്ച മാതൃകകളില്‍ നിന്ന് ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ഉള്‍പെടുന്ന ദ്യശ്യവുമായി മുന്നോട്ടു പോകാന്‍ സമിതി അനുമതി നല്‍കിയിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് കേരളം ഫ്‌ലോട്ട് നിര്‍മ്മിച്ചത്. പരിശോധനക്കായി ഫ്‌ലോട്ട് സമര്‍പിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. എന്നാല്‍, കേരളത്തെ ഒഴിവാക്കിയതില്‍ ചില രാഷ്ടീയ ഇടപെടലാണെന്നാണ് കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.