രണ്ടാം ഭാര്യയെ കൊന്നു തള്ളി; പിടിക്കപ്പെടാതിരിക്കാന്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സജീവമാക്കി നിലനിര്‍ത്തി: ഏഴു മാസം പോലീസിനെ കബളിപ്പിച്ച ഡോക്ടര്‍ ഒടുവില്‍ അറസ്റ്റില്‍

single-img
24 December 2018

മുന്‍ ഭാര്യയെ പാറക്കെട്ടില്‍ നിന്നും തളളിയിട്ട് കൊലപ്പെടുത്തിയ ഡോക്ടര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. ഡോ. ധര്‍മേന്ദ്ര പ്രതാപ് സിങ്ങും രണ്ട് കൂട്ടാളികളുമാണ് പിടിയിലായത്. രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയെ ആണ് മുന്‍ ഭര്‍ത്താവ് കൊലപ്പെടുത്തിയത്. നേപ്പാളിലെ പൊഖ്‌റയില്‍ വച്ചായിരുന്നു കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടതിന് ശേഷം 7 മാസക്കാലം രാഖിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പ്രതി ഉപയോഗിച്ച് രാഖി ജീവനോടെ ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ അറിയപ്പെടുന്ന ഡോക്ടറാണു ധര്‍മേന്ദ്ര പ്രതാപ് സിങ്. രോഗിയായ പിതാവിനെ കാണിക്കാനാണു രാഖി ധര്‍മേന്ദ്രയുടെ ആശുപത്രിയില്‍ എത്തിയത്. 2006ല്‍ തുടങ്ങിയ പരിചയം രാഖി ശ്രീവാസ്തവ എന്ന രാജേശ്വരിയും ഡോ. ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയത്തിലേക്കു നയിച്ചു. ഇരുവരും ഗോണ്ടയില്‍വച്ച് 2011ല്‍ വിവാഹിതരായി.

നേരത്തേ വിവാഹിതനായിരുന്ന ധര്‍മേന്ദ്ര, രാഖിയുമായുള്ള കല്യാണം രഹസ്യമാക്കിവച്ചു. ഗോരഖ്പുരിലെ ഷാപുര്‍ പ്രദേശത്തു വീടു വാങ്ങി അവിടെയാണു രാഖിയെ താമസിപ്പിച്ചത്. അധികനാള്‍ രഹസ്യബന്ധം മുന്നോട്ടുപോയില്ല. ധര്‍മേന്ദ്രയുടെ ആദ്യഭാര്യ ഉഷ സിങ് വിവരമറിഞ്ഞു. രാഖിയെ ധര്‍മേന്ദ്രയില്‍നിന്നു വേര്‍പെടുത്താനുള്ള നീക്കങ്ങളാരംഭിച്ചു.

ഇതിനിടയില്‍ രാഖി ബിഹാര്‍ ഗയ സ്വദേശി മനീഷ് സിന്‍ഹയുമായി അടുത്തു. 2016 ഫെബ്രുവരിയില്‍ രാഖിയുടെ രണ്ടാംവിവാഹം നടന്നു. തുടര്‍ന്നും ഡോ. ധര്‍മേന്ദ്രയുമായി രാഖി ബന്ധം സൂക്ഷിച്ചു. ഷാപുരിലെ വീട് തന്റെ പേരിലാക്കിത്തരണമെന്നു ഡോക്ടറെ നിര്‍ബന്ധിപ്പിച്ചു.

2018 ജൂണ്‍ 24ന് രാഖിയെ കാണാനില്ലെന്നു സഹോദരന്‍ അമര്‍ പ്രകാശ് ശ്രീവാസ്തവ പൊലീസില്‍ പരാതി നല്‍കിയതോടെയാണു കഥ മാറിയത്. ഭര്‍ത്താവ് മനീഷ് സിന്‍ഹയെ ആയിരുന്നു പൊലീസിന് ആദ്യം സംശയം. മനീഷിനെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.

കേസ് അന്വേഷണം യുപി പൊലീസിലെ പ്രത്യേക സംഘം (എസ്ടിഎഫ്) ഏറ്റെടുത്തു. രേഖയുടെ ആദ്യ ഭര്‍ത്താവ് ഡോ. ധര്‍മേന്ദ്രയെയായിരുന്നു ഇവര്‍ക്കു സംശയം. ജൂണ്‍ ഒന്നിന് മനീഷിനൊപ്പമാണു രാഖി നേപ്പാളിലേക്കു പോയതെന്നും അവിടെവച്ചാണു കാണാതായതെന്നും അന്വേഷണസംഘം കണ്ടെത്തി.

മനീഷ് മടങ്ങിയപ്പോഴും രാഖി നേപ്പാളില്‍ തുടര്‍ന്നു. പൊലീസ് ധര്‍മേന്ദ്രയുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ ശേഖരിച്ചു. ധര്‍മേന്ദ്രയും ഈ സമയങ്ങളില്‍ നേപ്പാളില്‍ ഉണ്ടായിരുന്നെന്നു വ്യക്തമായി. രാഖിയെ കാണാതായ ദിവസങ്ങളില്‍ നേപ്പാളിലെ പൊഖ്‌റയില്‍ ധര്‍മേന്ദ്രയുടെ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു.

തുടര്‍ന്നു പൊഖ്‌റയിലെത്തിയ എസ്ടിഎഫ്‌നു സുപ്രധാനമായ മറ്റൊരു വിവരം ലഭിച്ചു; ജൂണ്‍ ആദ്യവാരം ഒരു സ്ത്രീയുടെ മൃതദേഹം പൊഖ്‌റയില്‍നിന്നു കണ്ടെത്തിയിരുന്നു. ഇതു രാഖിയുടേതാണെന്നു എസ്ടിഎഫ് പിന്നീടു സ്ഥിരീകരിച്ചു. ഡോ. ധര്‍മേന്ദ്രയിലേക്കു അന്വേഷണം കേന്ദ്രീകരിച്ചു. ധര്‍മേന്ദ്രയുടെ സാന്നിധ്യം അറിഞ്ഞപ്പോള്‍ രാഖി ഭര്‍ത്താവിനെ നിര്‍ബന്ധിച്ചു മടക്കി അയച്ചതാണെന്നും വ്യക്തമായി.

മനീഷ് നാട്ടിലേക്കു മടങ്ങിയ അവസരത്തില്‍ പ്രമോദ് കുമാര്‍ സിങ്, ദേശ്ദീപക് നിഷാദ് എന്നീ സുഹൃത്തുക്കള്‍ക്കൊപ്പം ധര്‍മേന്ദ്ര രാഖിയെ കാണാനെത്തി. നാല്‍വര്‍ സംഘം പുറത്തു കാഴ്ച കാണാനിറങ്ങി. ലഹരി കലര്‍ന്ന പാനീയം രാഖിക്കു കുടിക്കാന്‍ നല്‍കി.

ബോധം നഷ്ടപ്പെട്ട രാഖിയെയും കൂട്ടി സംഘം കിഴുക്കാംതൂക്കായ പാറക്കെട്ടിനു സമീപമെത്തി. അവിടെനിന്നു രാഖിയെ താഴേക്കു തള്ളിയിട്ടു കൊന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ മരണത്തിന് ശേഷവും പിടിക്കപ്പെടാതിരിക്കാന്‍ രാഖിയുടെ സോഷ്യല്‍ മീഡിയ സജീവമാക്കുകയായിരുന്നു ഡോക്ടര്‍ ചെയ്തത്.