ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളെന്ന് കെ. സുരേന്ദ്രന്‍; പിന്നില്‍ കളിക്കുന്നത് സിപിഎമ്മെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍; ശബരിമലയില്‍ നടന്ന നാടകം കേരളത്തിന് അപമാനകരമെന്ന് ചെന്നിത്തല

single-img
24 December 2018

തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താന്‍ മലകയറിയ യുവതികള്‍ക്കെതിരേ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. മലകയറിയ ബിന്ദുവും കനകദുര്‍ഗയും മാവോയിസ്റ്റുകളാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഇവരേപ്പോലുള്ളവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നത് വിശ്വാസികളോടുള്ള വെല്ലുവിളിയെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേരളത്തിലെയും തമിഴ്‌നാട്ടിലെയും സി.പി.എം സംസ്ഥാന ഘടകങ്ങളാണ് മനിതി സംഘത്തെ ശബരിമലയിലെത്തിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ സര്‍ക്കാറും പൊലീസും കപട നാടകം കളിക്കുകയാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.

കേരളത്തിന്റെ ഇപ്പോഴത്തെ വിഷയം ശബരിമലയല്ല പ്രളയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല ദര്‍ശനത്തിനായി തിങ്കളാഴ്ച രണ്ട് യുവതികള്‍ എത്തിയതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. ഞായറാഴ്ചയും തിങ്കളാഴ്ചയും ശബരിമലയില്‍ നടന്ന നാടകങ്ങള്‍ കേരളത്തിന് അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

ഇത് പോലീസിനും പൊതുജനങ്ങള്‍ക്കും ഒരു പോലെ അപമാനകരമാണെന്ന് ചെന്നിത്തല പറഞ്ഞു. ശബരിമലയുടെ കാര്യത്തില്‍ നാഥനും നമ്പിയുമില്ലാത്ത അവസ്ഥയാണുള്ളതെന്ന് ചെന്നിത്തല വിമര്‍ശിച്ചു. ദേവസ്വം മന്ത്രി കുറ്റപ്പെടുത്തുന്നത് നിരീക്ഷക സമിതിയേയും സമിതി ഇതില്‍ തങ്ങള്‍ക്ക് കാര്യമില്ലെന്ന് പറഞ്ഞ് കൈയൊഴിയുകയാമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ മുമ്പില്ലാത്ത സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത നടപടികളോട് യോജിക്കാനാവില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. ആചാരലംഘനം നടത്തി ഭക്തരെ പ്രതിസന്ധിയിലാക്കുന്ന നിലാപാട് സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും മകരവിളക്ക് വരെ ഭക്തര്‍ക്ക് ശാന്തമായി ദര്‍ശനം നടത്താനുള്ള അവസരമൊരുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.