മോദി പത്തനംതിട്ടയില്‍ എത്തുന്നതിന് മുന്നോടിയായി പരമാവധി നേതാക്കളെ ചാക്കിട്ടുപിടിക്കാന്‍ ബിജെപിയുടെ തിരക്കിട്ട നീക്കം; കോട്ടയത്ത് സി.പി.എം. നേതാവുമായി ശ്രീധരന്‍പിള്ളയുടെ രഹസ്യചര്‍ച്ച

single-img
24 December 2018

ജനുവരി 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയില്‍ എത്തുന്നതിന് മുന്നോടിയായി പരമാവധി നേതാക്കളെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ബിജെപിയില്‍ തിരക്കിട്ട നീക്കങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍നിന്നും സി.പി.എമ്മില്‍നിന്നും കൂടുതല്‍ നേതാക്കളെ എത്തിക്കാനാണ് ശ്രമം നടക്കുന്നത്.

ഞായറാഴ്ച കോട്ടയത്തെത്തിയ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ജില്ലയിലെ ഒരു ഉന്നത സി.പി.എം. നേതാവുമായി രഹസ്യ ചര്‍ച്ച നടത്തിയതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ജില്ലയിലെ പ്രമുഖ നേതാവായ ഇദ്ദേഹം വി.എസ്.പക്ഷത്തായിരുന്നു.

പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നതിനാല്‍ ബി.ജെ.പി. നേതാക്കള്‍ ഇതേക്കുറിച്ച് കുടുതല്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ട് പ്രമുഖ നേതാക്കള്‍ ഉടന്‍ ബി.ജെ.പി.യിലെത്തുമെന്ന് ബി.ജെ.പി. ജില്ലാ നേതൃത്വം സൂചന നല്‍കിയിട്ടുണ്ട്. നേരത്തെ, മറ്റ് പാര്‍ട്ടികളില്‍നിന്ന് 47 പേര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു. ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീധരന്‍പിള്ള സ്വകാര്യ ഹോട്ടലില്‍വെച്ചാണ് സി.പി.എം. നേതാവുമായി ചര്‍ച്ച നടത്തിയത്.

ഇതിന് പുറമേ മധ്യതിരുവിതാംകൂര്‍ മേഖലയില്‍നിന്നുള്ള കോണ്‍ഗ്രസിലെ ചില ഉന്നതരെയും ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് തനിക്കൊപ്പം ഡല്‍ഹിയിലെത്തി ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

എന്നാല്‍, ഇതറിഞ്ഞ കോണ്‍ഗ്രസ് ഉന്നത നേതൃത്വം അദ്ദേഹത്തെ ബന്ധപ്പെടുകയും പദവികള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിനാല്‍, തുടര്‍നീക്കങ്ങളുണ്ടായില്ല. എന്തായാലും ബിജെപിയുടെ പുതിയ നീക്കത്തെ ആശങ്കയോടെയാണ് കോണ്‍ഗ്രസ് സിപിഎം നേതൃത്വം നോക്കിക്കാണുന്നത്.