ശബരിമല ദര്‍ശനത്തിന് പോയ ബിന്ദു സിപിഐ എംഎല്ലുകാരിയെന്ന് അമ്മ; വീടിന് മുന്നില്‍ വന്‍ പ്രതിഷേധം

single-img
24 December 2018

ശബരിമല ദര്‍ശനത്തിന് പോയ യുവതിയുടെ വീടിന് മുന്നില്‍ നാമജപ പ്രതിഷേധം. പൊയില്‍ക്കാവ് തുവ്വക്കാട് പറമ്പില്‍ നിലാ ഹൗസില്‍ ബിന്ദു ഹരിഹരന്റെ വീട്ടിലേക്കാണ് ശബരിമല കര്‍മ്മ സമിതിയുടെയും സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ നാമജപ മാര്‍ച്ച് നടത്തിയത്.

വീടിനു നേര്‍ക്ക് ആക്രമണം ഉണ്ടായേക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി സി.ഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സന്നാഹം വീടിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. വീട്ടിലേക്കുളള ഇടവഴിയില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ ഏറെ നേരം നാമജപം നടത്തി.

ബിന്ദു സിപിഐ എംഎല്‍ പ്രവര്‍ത്തകയാണെന്ന് അമ്മ അമ്മിണി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ കണ്ടുമുട്ടിയ ആളെയാണ് കല്യാണം കഴിച്ചത്. നേരത്തെ പൊലീസിനെ അക്രമിച്ചതിന് ബിന്ദുവിന്റെ പേരില്‍ കേസുണ്ടായിരുന്നു. ബിന്ദു ശബരിമലയില്‍ പോകരുതെന്നാണ് തന്റെ അഭിപ്രായമെന്നും അമ്മിണി പത്തനംതിട്ടയില്‍ പറഞ്ഞു.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ തലശ്ശേരി പാലയാടുളള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡിസിലെ അസി. പ്രൊഫസറാണ് ബിന്ദു. മുമ്പ് കൊയിലാണ്ടി കോടതിയില്‍ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തിരുന്നു. 10 വര്‍ഷം മുമ്പ് വരെ താന്‍ സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകനായിരുന്നുവെന്ന് ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. ഭാര്യ ബിന്ദുവിന് സംഘടനകളുമായി ബന്ധമൊന്നുമില്ല. പത്തനംതിട്ട മല്ലശ്ശേരി സ്വദേശിനിയാണ്. ഞായറാഴ്ചയാണ് ബിന്ദു ശബരിമലയ്ക്ക് പോയത്. ബിന്ദുവിന്റെ ശബരിമല യാത്രയ്ക്ക് തന്റെ പിന്തുണയുണ്ടായിരുന്നുവെന്നും ഭര്‍ത്താവ് ഹരിഹരന്‍ പറഞ്ഞു.

അതേസമയം സിവില്‍ സപ്ലൈസ് ജീവനക്കാരിയായ കനകദുര്‍ഗ തിരുവനന്തപുരത്ത് യോഗമുണ്ടെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയത്. ചാനലുകളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിയുന്നതെന്നും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം എന്നാണ് അഭിപ്രായമെന്നും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും അമ്മയും ബന്ധുക്കളും പറഞ്ഞു.