രാമക്ഷേത്രം നിര്‍മിക്കുന്നതില്‍നിന്നും ബിജെപി സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി: രാമക്ഷേത്രമല്ല, വികസനമാണ് 2019 ലെ പ്രധാന വിഷയമെന്ന് നിതീഷ് കുമാര്‍

single-img
24 December 2018

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍നിന്നും ബിജെപി സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്നല്ലെങ്കില്‍ നാളെ ബിജെപി രാമക്ഷേത്രം നിര്‍മിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി രാമക്ഷേത്രം നിര്‍മിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ശരിയായ കാര്യമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി കൂട്ടിച്ചേര്‍ത്തു.

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി പ്രധാന വിഷയമായി ഉയര്‍ത്തിക്കാട്ടുന്നത് വികസനമാണെന്ന് എന്‍ഡിഎ ഘടക കക്ഷി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പറഞ്ഞു. മറിച്ച് രാമക്ഷേത്രമല്ല ഉയര്‍ത്തിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അമിത് ഷായ്ക്കും രാംവിലാസ് പാസ്വാനുമൊപ്പം ബിഹാറില്‍ സീറ്റ് വിഭജന പ്രഖ്യാപനം നടത്തിയ ശേഷമായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം. നേരത്തെ രാംവിലാസ് പാസ്വാന്റെ എല്‍ജെപിയും സമാനമായ പ്രസ്താവന നടത്തിയിരുന്നു. രാമക്ഷേത്ര വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് ഘടകകക്ഷികളുടെ ഈ നിലപാട്.

രാമക്ഷേത്ര തര്‍ക്കത്തില്‍ കോടതിയിലാണ് അഭിപ്രായ സമന്വയമുണ്ടാക്കേണ്ടത്. സംസ്ഥാനത്ത് വികസനമാണ് പ്രധാന തിരഞ്ഞെടുപ്പ് അജണ്ടയെന്നും നിതീഷ് പറഞ്ഞു. ബിഹാറില്‍ ബിജെപിയും ജെഡിയുവും 17 വീതം സീറ്റുകളിലും എല്‍ജെപി ആറ് സീറ്റിലും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.