ഹനുമാന്റെ ജാതി പറയരുത്; അദ്ദേഹം ഒരു കായികതാരമായിരുന്നുവെന്ന് ഉത്തര്‍പ്രദേശ് കായിക മന്ത്രി

single-img
23 December 2018

ഹനുമാന്റെ ജാതി പരാമര്‍ശത്തില്‍ പുതിയ വാദവുമായി യുപിയിലെ കായിക മന്ത്രി. ആരും അദ്ദേഹത്തിന്റെ ജാതി ചര്‍ച്ച ചെയ്യരുതെന്നും ഹനുമാന്‍ ഒരു കായിക താരമാണെന്നും ചേതന്‍ ചൗഹാന്‍ അവകാശപ്പെടുന്നു. ഉത്തര്‍പ്രദേശിലെ അംരോഹയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

‘ശത്രുക്കളുമായി മല്ലയുദ്ധം ചെയ്യുന്ന ഒരു കായിക താരമാണ് ഹനുമാന്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാജ്യത്തെ എല്ലാ കായികതാരങ്ങളും അദ്ദേഹത്തെ ആരാധിക്കുന്നു. താരങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുന്നത് അദ്ദേഹത്തിന്റെ ജാതി നോക്കിയിട്ടല്ല. ഒരു മഹാത്മാവിന് ജാതിയില്ല, അതിനാല്‍ ഹനുമാനും ജാതിയില്ല. ഞാന്‍ അദ്ദേഹത്തെ ദൈവമായി കാണുന്നു. അദ്ദേഹത്തെ ഏതെങ്കിലും ജാതിയുമായി ബന്ധപ്പെടുത്തേണ്ട ആവശ്യമില്ല’ മുന്‍ ക്രിക്കറ്റ് താരം കുടിയായ ചേതന്‍ ചൗഹാന്‍ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ മാല്‍പുര മണ്ഡലത്തില്‍ വെച്ച് ഹനുമാന്‍ ദളിതനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസ്താവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹനുമാന്റെ ജാതിയെ പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. ശേഷം ഹനുമാന്‍ മുസ്‌ലിമാണെന്ന വാദവുമായി ബി ജെ പി നേതാവ് ബുക്കാല്‍ നവാബും ഹനുമാന്‍ ശരിക്കും ജാട്ട് വിഭാഗക്കാരനായിരുന്നു എന്ന വാദവുമായി ഉത്തര്‍പ്രദേശ് മന്ത്രി ചൗധരി ലക്ഷ്മി നാരായണും രംഗത്തെത്തിയിരുന്നു.