സംഗീതനിശ നടക്കുന്നതിനിടെ തിരകള്‍ ഇരമ്പിയാര്‍ത്തെത്തി; സുനാമിയുടെ ദൃശ്യങ്ങള്‍ പുറത്ത്; 168 മരണം, 700 ലേറെപ്പേര്‍ക്ക് പരിക്ക്

single-img
23 December 2018

ഇന്തോനേഷ്യയിലെ സുമാത്രയിലും ജാവയിലും ശനിയാഴ്ച രാത്രിയുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 168 ആയി. ദുരന്തത്തില്‍ 745 പേര്‍ക്ക് പരിക്കേറ്റു. ക്രാക്കത്തോവ അഗ്‌നിപര്‍വത സ്‌ഫോടനമാണ് സുനാമിയുണ്ടാകാന്‍ കാരണമായത്. അഗ്‌നിപര്‍വത സ്‌ഫോടനത്തിന് പിന്നാലെ കടലിനടിയിലുണ്ടായ ഭൂചലനവും അമാവാസി ദിനങ്ങളിലുണ്ടാകുന്ന വലിയ തിരകളും സുനാമിക്ക് ശക്തി കൂട്ടുകയായിരുന്നുവെന്ന് ദുരന്ത നിവാരണ ഏജന്‍സി വക്താവ് പുര്‍വോ നുഗ്രോഹോ പറയുന്നു.

സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ജിയോളജിക്കല്‍ ഏജന്‍സി പഠനം നടത്തിവരികയാണ്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമായതില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയും അധികൃര്‍ ചൂണ്ടിക്കാണിക്കുന്നു. വലിയ തിരമാലകള്‍ സുനാമിയല്ലെന്നായിരുന്നു അധികൃതര്‍ ആദ്യം പറഞ്ഞിരുന്നത്.

കടല്‍ ക്ഷോഭമാണെന്നും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടെന്നുമായിരുന്നു ഇന്തോനേഷ്യഷ്യന്‍ ദുരന്ത നിവാരണ ഏജന്‍സി നല്‍കിയ നിര്‍ദേശം. പിന്നീട് ഭൂകമ്പമില്ലാതിരുന്നതിനാലാണ് തങ്ങള്‍ക്ക് തെറ്റുപറ്റിയതെന്ന വിശദീകരണവുമായി ഏജന്‍സി രംഗത്ത് വന്നിരുന്നു.

സുമാത്ര, ജാവ ദ്വീപുകള്‍ക്കിടയിലെ സന്ദ്ര കടലിടുക്കിലുള്ള അനക് ക്രാക്കത്തൂവ എന്ന അഗ്‌നിപര്‍വതം. കുപ്രസിദ്ധമായ ക്രാക്കത്തൂവ അഗ്‌നിപര്‍വതത്തിന്റെ ‘കുട്ടി’ എന്നറിയപ്പെടുന്നതാണ് ഇത്. 36,000 പേരിലേറെ കൊല്ലപ്പെട്ട ക്രാക്കത്തൂവ അഗ്‌നിപര്‍വത സ്‌ഫോടനം ഉണ്ടാകുന്നത് 1883 ലാണ്. ഈ സംഭവം കഴിഞ്ഞ് അരനൂറ്റാണ്ടു തികഞ്ഞപ്പോഴാണ് കടലില്‍നിന്ന് ‘അനക്’ ഉയര്‍ന്നു വന്നത്. അങ്ങനെയാണ് ‘ക്രാക്കത്തൂവയുടെ കുട്ടി’ എന്ന പേരു ലഭിക്കുന്നതും.

ഏതാനും ദിവസങ്ങളായി അനക് ‘പൊട്ടിത്തെറി’യുടെ ലക്ഷണങ്ങള്‍ കാണിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജിയോളജിക്കല്‍ ഏജന്‍സി പറയുന്നു. ശനിയാഴ്ച വൈകിട്ട് നാലിന് ഏകദേശം 13 മിനിറ്റോളം അനക്കില്‍നിന്ന് ചാരവും പുകപടലങ്ങളും വന്നിരുന്നു. ആയിരക്കണക്കിനു മീറ്റര്‍ ഉയരത്തില്‍ ചാരം ചിതറിത്തെറിക്കുകയും ചെയ്തു.

ഇതിനു പിന്നാലെ രാത്രി ഒന്‍പതോടെ അഗ്‌നിപര്‍വതം തീതുപ്പുകയായിരുന്നു. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്ന് കടലിന്നടിയിലെ ഭൂഫലകങ്ങളുടെ സ്ഥാനചലനമാണോ സൂനാമിക്കു കാരണമായതെന്നും പരിശോധിക്കുന്നുണ്ട്. കടലിലെ അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമ്പോള്‍ ഇതു സംഭവിക്കാറുണ്ട്; എന്നാല്‍ വളരെ അപൂര്‍വമായി മാത്രം.

കടല്‍വെള്ളം സ്‌ഫോടനത്തിനു പിന്നാലെ ഇരമ്പിയാര്‍ക്കുന്നതും പതിവാണ്. ഭൂകമ്പസൂചനകളൊന്നും ലഭിക്കാതിരുന്നതിനെത്തുടര്‍ന്നാണ് സൂനാമിക്കു പിന്നില്‍ അഗ്‌നിപര്‍വതമാണെന്ന നിഗമനത്തിലെത്തിയിരിക്കുന്നത്. ഇതോടൊപ്പം വേലിയേറ്റം ദിവസം കൂടിയായതോടെയാണ് സൂനാമിക്കു ശക്തിയേറിയതെന്നും ഇന്റര്‍നാഷനല്‍ സൂനാമി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പറയുന്നു. എന്നാല്‍ അന്തിമറിപ്പോര്‍ട്ട് പുറത്തെത്തിയിട്ടില്ല.

ഒരിടത്തു കടല്‍ത്തീരത്തു സംഗീതനിശ നടക്കുമ്പോഴാണ് തിരകള്‍ ഇരമ്പിയാര്‍ത്തെത്തിയത്. സംഗീത വിരുന്നു നടക്കുന്ന വേദി തിരയടിച്ചു തകരുന്നതിന്റെ വിഡിയോകളും വൈറലായി. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരാണ് ഇന്തൊനീഷ്യന്‍ ബീച്ചുകളിലെത്തിയിരിക്കുന്നത്. 168 മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചെങ്കിലും മരണസംഖ്യ ഇനിയും കൂടാനിടയുണ്ടെന്നു സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു.