വിലപിടിപ്പുള്ള മൊബൈല്‍ കുറഞ്ഞ വിലയ്ക്കു നല്‍കുന്നുവെന്ന് വാഗ്ദാനം ചെയ്ത് പുതിയ തട്ടിപ്പ്; കൊച്ചിയില്‍ തട്ടിപ്പിനിരയായത് വിദ്യാര്‍ത്ഥികള്‍

single-img
23 December 2018

വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയ്ക്കു നല്‍കുന്നുവെന്നു വാഗ്ദാനം ചെയ്തു പുതിയ തട്ടിപ്പ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുകള്‍. പുതിയ ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കോളജ് വിദ്യാര്‍ഥികളാണു ചതിയില്‍ വീണവരില്‍ അധികവും.

15,000 രൂപയ്ക്കു മുകളില്‍ വിലയുള്ള ഫോണ്‍, മോഡല്‍ ഔട്ട് ആയതിനെ തുടര്‍ന്നു 3200 രൂപയ്ക്കു നല്‍കുന്നുവെന്നു പറഞ്ഞാണ് ആദ്യം വിളിയെത്തുക. നല്ല മലയാളത്തില്‍, സ്ത്രീകളാണു വിളിക്കുന്നത്. ഫോണ്‍ കയ്യില്‍ കിട്ടുമ്പോള്‍ പണം അടച്ചാല്‍ മതിയെന്നും പറയുന്നതോടെ, പലരും ഇവരുടെ ചതിക്കുഴിയില്‍ വീഴും.

വാഗ്ദാനത്തില്‍ വീഴുന്നവരോട് ഫോണ്‍ പാര്‍സലായി തപാലില്‍ അയയ്ക്കുമെന്നും 3200 രൂപ നല്‍കി വാങ്ങണമെന്നുമാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ പാര്‍സലില്‍ 100 രൂപയ്ക്കു താഴെ മാത്രം വില വരുന്ന പ്ലാസ്റ്റിക് ബെല്‍റ്റും പഴ്‌സുമാണുണ്ടാവുക. പലരും പണം കൊടുത്തു പാര്‍സല്‍ വാങ്ങി വഞ്ചിതരായിട്ടുണ്ട്.

ഡല്‍ഹിയില്‍ നിന്നാണു പാര്‍സലുകള്‍ അയക്കുന്നത്. വിളിക്കുന്ന ഫോണ്‍ നമ്പറും ഡല്‍ഹി മേല്‍വിലാസമാണു കാണിക്കുന്നത്.
പലരും പോസ്റ്റ്മാന്‍മാരോടു പരാതി പറഞ്ഞതോടെയാണു തട്ടിപ്പു പുറത്തായത്. തുടര്‍ന്ന്, പാര്‍സല്‍ കൈപ്പറ്റരുതെന്നു പോസ്റ്റ്മാന്മാര്‍ തന്നെ മേല്‍വിലാസക്കാര്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിരവധിപേര്‍ ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ടെന്നാണ് വിവരം.