റസൂല്‍ പൂക്കുട്ടിയുടെ ‘ദി സൗണ്ട് സ്റ്റോറി’ ഓസ്കര് മല്സരവിഭാഗത്തില്
ഓസ്കര് ജേതാവായ റസൂല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളങ്ങള്‍ മുഴുവനും ഒപ്പിയെടുത്ത ചലച്ചിത്രം ‘ദി സൗണ്ട് സ്റ്റോറി’ 91ആമത് ഓസ്കര് ചുരുക്ക പട്ടികയില്‍ ഇടം നേടി. സ്റ്റോണ്‍ മള്‍ട്ടി മീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മിച്ച് പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനം ചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിത യാത്രയാണ് ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.
ഒട്ടേറെ ചിത്രങ്ങളെ പിന്തള്ളിയാണ് 347 ചിത്രങ്ങളുടെ ചുരുക്ക പട്ടികയില്‍ ദി സൗണ്ട് സ്റ്റോറി ഇടം പിടിച്ചത്. മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേക്കാണ് ദി സൗണ്ട് സ്റ്റോറി മത്സരിക്കുന്നത്. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് ചിത്രം ഷൂട്ട് ചെയ്തത്.
നൂറോളം പേരടങ്ങുന്ന വിദഗ്ധ സംഘവും ആധുനിക റെക്കോര്‍ഡിങ് സന്നാഹങ്ങളുമായി 28 ട്രാക്കിലൂടെയാണ് തൃശൂര്‍ പൂരം റെക്കോര്‍ഡ് ചെയ്ത് സിനിമയില്‍ ചേര്‍ത്തത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് രാഹുല്‍ രാജും ശരത്തും ചേര്‍ന്നാണ്.
അന്ധര്‍ക്ക് കൂടി തൃശൂര്‍ പൂരം അനുഭവേദ്യമാക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ജനുവരി 22നാണ് ഓസ്കര് നാമനിര്‍ദേശപട്ടിക പുറത്തു വിടുക. ഫെബ്രുവരി 24നാണ് ഓസ്കര് പ്രഖ്യാപനം.