റിലയന്‍സിന് മുന്നില്‍ ‘റഫാല്‍ കള്ളന്‍’ പോസ്റ്ററുകള്‍

single-img
16 December 2018

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തള്ളിയ ഉത്തരവില്‍ വസ്തുതപാരമായ തിരുത്തല്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഉത്തരവില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ടിനെക്കുറിച്ചും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) യെക്കുറിച്ചും പരാമര്‍ശിക്കുന്ന ഖണ്ഡികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

ഉത്തരവിലെ ഈ ഭാഗം ചൂണ്ടിക്കാട്ടി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തിടുക്കത്തിലുള്ള നീക്കം. ഇതിനിടയിലാണ് പോസ്റ്റര്‍ പോരാട്ടവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. റിലയന്‍സിന്റെ മുംബൈ ഓഫീസിന് മുന്നിലാണ് ‘റഫാല്‍ കള്ളന്‍’ എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

റഫാല്‍ എയര്‍ക്രാഫ്റ്റിന്റെ പശ്ചാതലത്തില്‍ റിലയന്‍സിന്റെയും അനില്‍ അംബാനിയുടെയും ചിത്രം സഹിതമുള്ള പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുംബൈ കോണ്‍ഗ്രസിന്റെ പേരിലിറക്കിയിട്ടുള്ള പോസ്റ്റര്‍ റിലയന്‍സിന്റെ പശ്ചിമ മുംബൈയിലെ സാന്താക്രൂസ് ഓഫീസിന് പുറത്താണ് പതിച്ചിട്ടുള്ളത്.

കോടതിയില്‍ ഇല്ലാത്ത സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ബി.ജെ.പി കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. റഫാല്‍ ഇടപാടിനെ സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ട് നല്‍കിയെന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും, ഇത്തരത്തിലൊരു റപ്പോര്‍ട്ട് പബ്ലിക്ക് അക്കൗണ്ട് കമ്മിറ്റിക്ക് മുന്നില്‍ വന്നിട്ടില്ലെന്നും പി.എ.സി ചെയര്‍മാനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയിരുന്നു.

സി.എ.ജി രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പി.എ.സിയുടെ സൂക്ഷ്മപരിശോധനക്ക് ശേഷമാണ് പാര്‍ലമെന്റില്‍ വരിക. റഫാല്‍ ഇടപാട് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറായി വരുന്നതേയുള്ളൂവെന്നാണ് സി.എ.ജി വൃത്തങ്ങള്‍ അറിയിക്കുന്നത്. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ സംബന്ധിച്ച് തെറ്റായ വിവരം സുപ്രീംകോടതിയില്‍ നല്‍കിയെന്ന ഗുരുതര ആരോപണത്തോട് ഇതുവരെ കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.