ആഡംബര ജീവിതം, വിപുലമായ ബന്ധങ്ങള്‍, എപ്പോഴും കൂടെ രണ്ട് അംഗരക്ഷകര്‍; കേസുകളിലൊന്നിലും കുലുങ്ങാത്ത പ്രകൃതം: നടി ലീന മരിയ പോളുടെ ജീവിതം സിനിമാക്കഥ പോലെ

single-img
16 December 2018

കഴിഞ്ഞ ദിവസം കടവന്ത്രയിലെ ബൂട്ടി പാര്‍ലറില്‍ പട്ടാപ്പകല്‍ നടന്ന വെടിവെയ്പ് കൊച്ചിയെ നടുക്കിയിരിക്കുകയാണ്. കടവന്ത്ര യുവജനസമാജം റോഡിന് സമീപത്തെ ദി നൈല്‍ ആര്‍ടിസ്ട്രി എന്ന സ്ഥാപനത്തിന് നേരെയാണ് ഉച്ചയ്ക്ക് മൂന്നരയോടെ ആക്രമണം ഉണ്ടായത്. നടി ലീന മരിയപോളിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് നൈല്‍ ആര്‍ടിസ്ട്രി. സംഭവസമയത്ത് ഇവര്‍ ഇവിടെ ഉണ്ടായിരുന്നില്ല.

വെടിവയ്പ്പു നടത്തിയവരെ കുറിച്ച് പൊലീസിന് സൂചന കിട്ടിയിട്ടില്ല. നഗരത്തിലെ സ്ഥിരം ക്രിമിനലുകളടക്കമുളളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളിലേക്ക് കൃത്യമായി എത്താന്‍ പോന്ന വിവരങ്ങളൊന്നും ഇനിയും പൊലീസിന് കിട്ടിയിട്ടില്ല. നടി ലീന മരിയ പോളിനെയും പൊലീസ് ചോദ്യം ചെയ്യും.

ലീന മരിയ പോളിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ ചുവടു പിടിച്ചാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. മുംബൈ അധോലോക നായകന്‍ രവി പൂജാരിയുടെ പേരിലാണ് ലീനയ്ക്ക് ഭീഷണി സന്ദേശങ്ങള്‍ വന്നിരുന്നത്. ഇരുപത്തിയഞ്ച് കോടി രൂപ ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

ഈ ഭീഷണി അവഗണിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതികാര നടപടിയാകാം വെടിവയ്‌പെന്ന നിഗമനത്തിലൂന്നിയാണ് പ്രാഥമികാന്വേഷണം. എന്നാല്‍ ഇതിനു പുറമെ മറ്റ് സാധ്യതകളും പൊലീസ് തേടുന്നുണ്ട്. ലീനയുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നവരെയും അടുത്തിടെ നടിയുമായി വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നവരെയും കുറിച്ചുളള വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയാണ് ലീന മരിയ പോള്‍. റെഡ് ചില്ലീസ്, ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, കോബ്ര തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇവിടെ നൈല്‍ ആര്‍ടിസ്ട്രി പ്രവര്‍ത്തനം ആരംഭിച്ചിട്ട് രണ്ട് മാസം ആകുന്നതേയുളളൂ. നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ ധര്‍മ്മൂസ് ഫിഷ് ഹബ്ബി’ന് തൊട്ടുമുകളിലായാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

പത്തുകോടിയുടെ തട്ടിപ്പു കേസില്‍ നടി ലീനയും ബിസിനസ് പങ്കാളി സുകാഷ് ചന്ദ്രശേഖറും നാലു കൂട്ടാളികളും 2015ലാണ് അറസ്റ്റിലാകുന്നത്. സാമ്പത്തിക കുറ്റകൃത്യവിഭാഗമാണ് (ഇക്കണോമിക് ഒഫന്‍സസ് വിങ്) ഇവരെ പിടികൂടിയത്. ചുരുങ്ങിയ കാലംകൊണ്ടു നിക്ഷേപത്തിന്റെ പത്തിരട്ടി തിരിച്ചുനല്‍കുമെന്നു വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ചെന്നൈയില്‍ 19 കോടി രൂപയുടെ തട്ടിപ്പുകേസിലും ലീനയെയും ശേഖറിനെയും അറസ്റ്റ് ചെയ്തിരുന്നു. 2013ലായിരുന്നു ഇത്. ചെന്നൈ അമ്പത്തൂരിലെ കാനറ ബാങ്കിന്റെ ശാഖയില്‍നിന്നു 19 കോടി രൂപ തട്ടിപ്പു നടത്തിയ കേസില്‍ സിബിഐ അന്വേഷണവും ആരംഭിച്ചു.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന സിബിഐയുടെ ബെംഗളൂരു യൂണിറ്റിനായിരുന്നു അന്വേഷണച്ചുമതല. ബാങ്ക് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്വേഷണം സിബിഐയ്ക്കു കൈമാറാന്‍ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. 2013 ജൂണിലാണ് ഇരുവരെയും ചെന്നൈ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്യുന്നത്.

പിന്നീട് കോടതി ജാമ്യം നല്‍കി. ഇവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും അന്വേഷണമുണ്ട്. വെന്‍ഡിങ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ചെന്നൈയിലെ സ്വകാര്യ കമ്പനിയായ ഫ്യൂച്ചര്‍ ടെക്‌നിക്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെ ഉപയോഗിച്ചാണ് സുകാഷ് ബാങ്കില്‍ തട്ടിപ്പു നടത്തിയത്.

കര്‍ണാടക സര്‍ക്കാരില്‍നിന്ന് ഇവര്‍ക്കു 30,000 വെന്‍ഡിങ് മെഷീനുകളുടെ ഓര്‍ഡര്‍ നല്‍കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. കേസില്‍ ബാങ്ക് മാനേജര്‍ ജഗദീഷ്, കമ്പനി എംഡി: എം.ബാലസുബ്രഹ്മണ്യന്‍, ഭാര്യ ചിത്ര എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കാനറാ ബാങ്ക് അധികൃതരുടെ പരാതി അന്വേഷിച്ച ക്രൈംബ്രാഞ്ച്, ഡല്‍ഹിയില്‍ സുകാഷിന്റെ കൂട്ടാളിയും നടിയുമായ ലീന മരിയ പോളിനെ അറസ്റ്റു ചെയ്തതോടെയാണു തട്ടിപ്പുവിവരങ്ങള്‍ ലഭിക്കുന്നത്.

ബെംഗളൂരുവില്‍ ഡെന്റല്‍ കോളജില്‍ പഠിക്കുകയും മോഡലിങ് ചെയ്യുകയും ചെയ്യുന്ന സമയത്താണു ലീന സുകാഷുമായി അടുക്കുന്നത്. സിനിമയിലും മോഡലിങ് രംഗത്തും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ സഹായിക്കാമെന്നു പറഞ്ഞാണു ലീനയെ ആകര്‍ഷിച്ചതെന്നാണു പൊലീസ് പറയുന്നത്. വിവാഹം കഴിക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നു.

ചെന്നൈയിലെ പ്രമുഖ നൃത്ത സംവിധായകനെയും ബോളിവുഡിലെ പ്രമുഖ സംവിധായകനെയും സുകാഷ് ലീനയ്ക്കു പരിചയപ്പെടുത്തിയിരുന്നു. ഇതോടെ സുകാഷിനെ വിശ്വസിച്ച ലീന അയാള്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കു കൂട്ടുനില്‍ക്കുകയായിരുന്നു.

ലീന താമസിച്ചിരുന്ന ഫാം ഹൗസില്‍ നിന്നു പിടിച്ചെടുത്ത ആഡംബര കാറുകളിലൊന്നിന്റെ നമ്പര്‍ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. 9 ആഡംബര കാറുകളും 81 വിലപിടിപ്പുള്ള റിസ്റ്റ് വാച്ചുകളുമാണു കണ്ടെടുത്തത്. റോള്‍സ് റോയ്‌സ് ഫാന്റം, ആസ്റ്റന്‍ മാര്‍ട്ടിന്‍, ബിഎംഡബ്ല്യു, റേഞ്ച് റോവര്‍, ഔഡി തുടങ്ങിയ കാറുകളാണു പിടിച്ചെടുത്തത്. ഇതില്‍ റോള്‍സ് റോയ്‌സ് ഫാന്റത്തിന്റെ നമ്പറാണു വ്യാജമാണെന്നു കണ്ടെത്തിയത്.