വനിതാ മതില്‍ സംഘടിപ്പിച്ചാല്‍ എന്താണ് കുഴപ്പം: ചോദ്യവുമായി ഹൈക്കോടതി

single-img
14 December 2018

കൊച്ചി: സംസ്ഥാനത്ത് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. സംസ്ഥാനത്തിന്റെ നേട്ടം ഉയര്‍ത്തിപ്പിടിക്കാനല്ലേ പരിപാടി സംഘടിപ്പിക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു.

വനിതാ മതിലില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. എല്ലാ വകുപ്പുകളോടും പങ്കെടുക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിക്കുക മാത്രമാണ് ചെയ്തതെന്നും അതില്‍ നിര്‍ബന്ധിക്കലില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

വനിതാ മതിലിനെതിരായ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വനിതാ മതിലില്‍ പങ്കെടുക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് അവരവരാണ്. ജീവനക്കാര്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കണമെന്ന നിര്‍ബന്ധമുണ്ടോയെന്നും കോടതി ചോദിച്ചു.

പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി ഉണ്ടാകുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാന്‍ എന്ന മുദാവാക്യമുയര്‍ത്തി ജനുവരി ഒന്നിന് കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക.