കെ.എസ്.ആര്‍.ടി.സി എം പാനല്‍ ജീവനക്കാരെ 17ന് മുമ്പ് പിരിച്ചുവിടണമെന്ന് ഹൈക്കോടതി

single-img
14 December 2018

കെഎസ്ആർടിസിയിലെ 4071 എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്ന് ആവര്‍ത്തിച്ച് ഹൈക്കോടതി . പ്രായോഗികബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കെഎസ്ആര്‍ടിസി നല്‍കിയ സാവകാശ ഹര്‍ജി ഹൈക്കോടതി തള്ളി. തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുത്ത് അറിയിക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് മാനിക്കാത്ത എംഡി ടോമിന്‍  തച്ചങ്കരിയെ രൂക്ഷമായി വിമര്‍ശിച്ചു .

എംപാനല്‍ ജീവനക്കാരെ പിരിച്ചു വിടണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് സമയപരിധിയും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി ഹര്‍ജി നല്‍കി. പരീക്ഷാക്കാലവും ശബരിമല സീസണും കണക്കിലെടുത്ത്  ജീവനക്കാരെ പിരിച്ചു വിടാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഡിസംബര്‍ 17 ന് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ ജീവനക്കാരെ പിരിച്ചു വിടുന്നതിനെ കുറിച്ചുള്ള അന്തിമതീരുമാനം കോടതിയെ അറിയിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ എംഡി വിളിച്ചു വരുത്തുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്ന് കോടതി സൂചന നല്‍കി.

പത്തുവര്‍ഷം സേവനം  പൂര്‍ത്തിയാക്കാത്ത 4071 എംപാനല്‍ ജീവനക്കാരാണ് ഉത്തരവിനെ തുടര്‍ന്ന് പുറത്തുപോകേണ്ടിവരിക.  തൊഴില്‍ദാതാവിന് ആവശ്യമുണ്ടെങ്കില്‍ മാത്രം നിയമനം മതിയെന്ന് ചൂണ്ടിക്കാട്ടി പിഎസ്്സി റാങ്ക് പട്ടികിയിലുള്ള ഉദ്യോഗാര്‍ഥികളുടെ ഹര്‍ജികള്‍ നേരത്തെ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു .

ഇതിനെതിരെ  നല്‍കിയ അപ്പീലിലാണ് ഉദ്യോഗാര്‍ഥികള്‍ക്ക് അനുകുലമായി കഴിഞ്ഞയാഴ്ച ഡിവിഷന്‍ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത് . കോടതി ഉത്തരവ് കെഎസ്ആര്‍ടിസിക്ക് ബാധ്യതയാകില്ലെങ്കിലും  ഉത്തരവ് നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നായിരുന്നു  കെഎസ്ആര്‍ടിസിയുടെ നിലപാട്.