ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം; ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ ‘പൊങ്കാല’

single-img
14 December 2018

ബി.ജെ.പി സമരപ്പന്തലിന് മുന്നിലെ ആത്മഹത്യയുടെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ വ്യാപക പ്രതിഷേധം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു കൊണ്ടുള്ള ബി.ജെ.പി ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കൂട്ടം ചേര്‍ന്നുള്ള ‘പൊങ്കാല’യാണ് നടക്കുന്നത്. മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്റെ’ റിലീസ് ദിവസം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് മോഹന്‍ലാല്‍ ഫാന്‍സിനെയും രോഷാകുലരാക്കി.

ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു വേണുഗോപാലന്‍ നായര്‍ സ്വയം തീക്കൊളുത്തിയത്. എഴുപത്തിയഞ്ച് ശതമാനം പൊള്ളലേറ്റ ഇയാള്‍ ഇന്നലെ വൈകിട്ടോടെ ആശുപത്രിയില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

എന്നാല്‍, മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കും ഇദ്ദേഹം നല്‍കിയ മരണമൊഴിയില്‍ ശബരിമലയെക്കുറിച്ചോ ബി.ജെ.പിയെക്കുറിച്ചോ പരാമര്‍ശമില്ലെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. മരണമൊഴി പുറത്ത് വന്നതോടെ ഹര്‍ത്താലിന്റെ പ്രസക്തിയെ ചോദ്യം ചെയ്തുകൊണ്ടാണ് സമൂഹ മാധ്യമങ്ങളിലടക്കം വന്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.