കോണ്‍ഗ്രസിന്റെ വിജയം ചതിയിലൂടെയെന്ന് യോഗി ആദിത്യനാഥ്
13 December 2018
ചതിയിലൂടെയാണ് ബിജെപി ഭരിച്ചിരുന്ന മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയം സ്വന്തമാക്കിയതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ നുണകള്‍ ഉടന്‍ വെളിച്ചത്തുവരും. അത് തങ്ങളുടെ ഭാവി പോരാട്ടങ്ങളെ എളുപ്പമാക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.
പാറ്റ്നയിലെ മഹാവീര്‍ ക്ഷേത്രത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ആദിത്യനാഥിന്റെ പ്രതികരണം. ചത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്, തെലങ്കാന സംസ്ഥാനങ്ങളില്‍ പ്രധാന തെരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു യുപി മുഖ്യമന്ത്രി.
ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. സവിനയം അത് അംഗീകരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ തങ്ങള്‍ ജയിക്കുമ്പോള്‍ വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്ന എതിരാളികള്‍ അവരുടെ വിജയം വരുമ്പോള്‍ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.