കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഐഫോണ്‍ ഉപയോഗിച്ച പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
റഷ്യയിലെ ബര്‍ടെസ്ക് സ്വദേശിയായ ഐറീന റബ്ബിനിക്കോവയാണ് ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഐഫോണില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. ബാത്ത് ടബ്ബില്‍ കുളിക്കുന്നതിനിടെ ചാര്‍ജ് ചെയ്തു കൊണ്ടിരുന്ന ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് സംഭവം. മെസേജ് അയക്കുന്നതിനിടെ ഫോണ്‍ ബാത്ത് ടബില്‍ വീഴുകയായിരുന്നു.
ഇതിന് പിന്നാലെ ഐറീനക്ക് വെള്ളത്തിലൂടെ ഷോക്കേല്‍ക്കുകയായിരുന്നു. ശബ്ദം കേട്ട് മാതാപിതാക്കള്‍ മുറിയില്‍ എത്തിയപ്പോള്‍ മരിച്ച് കിടക്കുന്ന ഐറീനയെയാണ് കണ്ടത്. പതിനഞ്ചുകാരിയായ ഐറീന ആയോധനകല രംഗത്തെ ചാമ്പ്യന്‍ കൂടിയാണ്. റഷ്യയുടെ ദേശീയ ടീമിലേക്ക് ഐറീന തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
‘സ്പോര്‍ട്സായിരുന്നു അവളുടെ ജീവവായു. സ്പോര്‍ട്സില്‍ ഉയരങ്ങളില്‍ എത്തുക എന്നതായിരുന്നു അവളുടെ സ്വപ്നം’ ഐറീനയുടെ മാതാവ് പറഞ്ഞു. ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് ബ്രിട്ടിഷ് യുവാവ് മരിച്ചിരുന്നു. ബാത്ത് റൂമില്‍ വെച്ച് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ റിച്ചാര്‍ഡ് ബുള്ളിനാണ് അപകടം സംഭവിച്ചത്.
ലോകത്ത് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ ഏഴു ശതമാനം പേര് കുളിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നാണ് അടുത്തിടെ പുറത്ത് വന്ന സര്‍വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടം വരുത്തുമെന്ന് അറിഞ്ഞ ശേഷവും ഇത്തരത്തില്‍ ഫോണ്‍ ഉപയോഗിക്കുന്നവരുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ച് പേരാണ് മരണപ്പെട്ടത്.