നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ ചുവടുവെപ്പ് 2013 ഡിസംബറില്‍; അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഡിസംബറില്‍ വിജയം കൊയ്ത് രാഹുലും അതേപാതയില്‍

single-img
11 December 2018

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് വജ്രത്തിന്റെ തിളക്കം. താന്‍ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി അവരോധിതനായി കൃത്യം ഒരു വര്‍ഷം തികഞ്ഞ ദിവസമാണ് മൂന്ന് വലിയ വിജയങ്ങള്‍ കോണ്‍ഗ്രസ്സിനെ തേടിയെത്തിയെന്നത് ചരിത്രത്തിന്റെ ആകസ്മികതയാവാം. പപ്പു എന്ന വിളിയില്‍ നിന്ന് ബിജെപി മുക്തനാക്കില്ലെങ്കിലും രാഹുലിനെ വിലകുറച്ച കാണാതിരിക്കാന്‍ ഇനി ബിജെപി ശ്രദ്ധിച്ചേക്കും.

2017 ഡിസംബര്‍ 11ന് ഈ സ്ഥാനം ഏറ്റെടുക്കുമ്പോള്‍ മോദിപ്രഭാവത്തിന്റെ നിഴലില്‍ മറഞ്ഞുപോയ ഒരു പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരേണ്ട ഭാരിച്ച ചുമതല കൂടിയാണ് രാഹുല്‍ ചുമലിലേറ്റിയത്. ഒരുപക്ഷേ, ദേശീയ രാഷ്ട്രീയത്തില്‍ ഒരിക്കല്‍ പോലും ഒരു കോണ്‍ഗ്രസ് നേതാവിന് ഇത്ര സമ്മര്‍ദം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാവില്ല.

എന്നാല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരുപറ്റം നേതാക്കളുടെ കൂട്ടത്തെ മുന്നില്‍ നിന്നു നയിക്കാന്‍ രാഹുല്‍ ഗാന്ധി സധൈര്യം മുന്‍പോട്ടു വന്നു. നേതാവ് എന്നനിലയില്‍ തന്റെ ഒരു വര്‍ഷത്തെ വളര്‍ച്ച ഉയര്‍ത്തിക്കാട്ടാന്‍ അദ്ദേഹത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ചൂണ്ടുപലകയെന്നു വിശേഷിപ്പിക്കാവുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞടിക്കുമ്പോള്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിക്കഴിഞ്ഞെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ നീക്കത്തെയാണ് രാഹുല്‍ ഒറ്റയ്ക്കു പോരാടി തോല്‍പ്പിച്ചത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഒറ്റയ്ക്ക് വെല്ലുവിളിക്കാന്‍ രാഹുലിന് പ്രാപ്തിയായെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

കര്‍ണാടകയില്‍ ബിജെപിയുടെ കുതിരക്കച്ചവടങ്ങള്‍ക്ക് വിലങ്ങിട്ട് ജെഡിഎസുമായി ചേര്‍ന്നു അധികാരം പിടിച്ചത് തന്നെ അടവുനയങ്ങള്‍ പഠിച്ചതിന്റെ തെളിവായിരുന്നു. ഗോവയിലേയും മേഘാലയിലേയും ബിജെപിയുടെ നീക്കങ്ങളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ടായിരുന്നു കര്‍ണാടകയിലെ രാഹുലിന്റെ നീക്കം.

അതേസമയം, 2013 ഡിസംബര്‍ 8 നരേന്ദ്ര മോദിയെന്ന രാഷ്ട്രീയ നേതാവിന്റെ ജീവിതത്തിലെ നിര്‍ണായക ദിനമായിരുന്നു. അന്നു വോട്ടെണ്ണല്‍ നടന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുന്ന വിജയമാണ് ദേശീയ നേതാവ് എന്ന തലത്തിലേക്ക് നരേന്ദ്ര മോദിയെ ഉയര്‍ത്തിയത്.

അഞ്ചു മാസത്തിനു ശേഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഉജ്വല വിജയത്തോടെ അദ്ദേഹം രാജ്യത്തെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തി. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ഒരു ഡിസംബറില്‍ കാര്യങ്ങള്‍ നേരേ വിപരീതമായാണ് സംഭവിക്കുന്നത്. മറ്റൊരു നേതാവിന്റെ ഉയര്‍ച്ചയ്ക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത് –

രാഹുലിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ വിജയം എന്ന് പറഞ്ഞ് സച്ചിന്‍ പൈലറ്റ് തന്നെ വിജയത്തിന്റെ മേക്കറായി രാഹുല്‍ ഗാന്ധിയെ അവരോധിച്ചു കഴിഞ്ഞു. രാജസ്ഥാനിലെ കോണ്‍ഗ്രസ്സിന്റെ വിജയ ശില്‍പിയാണ് രാഹുല്‍ ഗാന്ധിക്ക് ആ വിജയത്തിന്റെ ഫുള്‍ ക്രഡിറ്റും ചാര്‍ത്തി കൊടുത്തത്. ‘രാഹുല്‍ ഭായ് എല്ലാവരെയും ഒന്നിപ്പിച്ചു. മനുഷ്യത്വത്തിന്റെ ആള്‍രൂപമാണ് അദ്ദേഹം. ഇന്ത്യയുടെ ഭാവി കൈപിടിയിലാക്കുന്നവര്‍ക്ക് ഇത് ശക്തി പകരുന്നു’ എന്ന് നവജ്യോത് സിങ് സിദ്ദുവും പ്രതികരിച്ചു.