ഒരു സീറ്റുപോലുമില്ലാതിരുന്ന സിപിഎം രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ വിജയത്തിലേക്ക്; തുണയായത് കര്‍ഷകര്‍

single-img
11 December 2018

2013ല്‍ ബി.ജെ.പി തൂത്തുവാരിയ രാജസ്ഥാനില്‍ ഒറ്റ സീറ്റ് പോലുമില്ലാതിരുന്ന സി.പി.എം ഇത്തവണ തങ്ങളുടെ നില മെച്ചപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്ന രണ്ട് സീറ്റുകളില്‍ ഇപ്പോള്‍ സി.പി.എം സ്ഥാനാര്‍ത്ഥികള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നില്‍ നില്‍ക്കുകയാണ്.

മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്നും ഏഴ് സീറ്റുകളില്‍ 10,000ത്തോളം വോട്ടു നേടുമെന്നുമായിരുന്നു സിപിഎമ്മിന്റെ അവകാശ വാദം. എന്നാല്‍ രണ്ട് സീറ്റുകളില്‍ വിജയം ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍ ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വ്യക്തമായ ലീഡോടെ മുന്നേറുന്നത്.

കര്‍ഷക പിന്തുണയോടെയാണ് സിപിഎമ്മിന്റെ രാജസ്ഥാനിലെ ചെറുതെങ്കിലും വിലപ്പെട്ടതായ ഈ മുന്നേറ്റം. കര്‍ഷകരെ അണിനിരത്തി നിരവധി പ്രക്ഷോഭങ്ങള്‍ക്ക് രാജസ്ഥാനില്‍ സിപിഎം നേതൃത്വം നല്‍കിയിരുന്നു. ദേശീയ വിഷയങ്ങളുമായി ബി.ജെ.പി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു സി.പി.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍.

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, കര്‍ഷകര്‍ക്ക് ജലസേചന സൗകര്യങ്ങള്‍ നല്‍കുക, ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞിരുന്നു. സി.പി.എം ഉന്നയിച്ച ആവശ്യങ്ങളില്‍ ചിലതെങ്കിലും നടപ്പിലാക്കാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്ക് നിര്‍ബന്ധമാകേണ്ടിയും വന്നിരുന്നു.