ഡ്രോണ്‍ പറത്തുന്നവര്‍ ശ്രദ്ധിക്കുക; ഇന്ന് മുതല്‍ ലൈസന്‍സ് നിര്‍ബന്ധം

single-img
1 December 2018

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ നയം നിലവില്‍ വന്നു. ഡിജിറ്റല്‍ സ്‌കൈ എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായിരിക്കും ഇനി ഡ്രോണുകളെ നിയന്ത്രിക്കുക. ഡിജിറ്റല്‍ സ്‌കൈയില്‍ റജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാകും ഡ്രോണുകള്‍ പറപ്പിക്കാനുള്ള അവകാശം.

സുരക്ഷാ വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന ഡ്രോണുകള്‍ക്ക് അനുമതി ആവശ്യമില്ല. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകള്‍ മുതല്‍ 150 കിലോഗ്രാം വരുന്ന ഹെവി ഡ്രോണുകള്‍ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണു നിയന്ത്രണം. നാനോ ഡ്രോണുകള്‍ക്കു റജിസ്‌ട്രേഷന്‍ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളില്‍ പറക്കാന്‍ പാടില്ല.

നാനോ ഡ്രോണുകള്‍ക്കു മുകളിലുള്ള എല്ലാ കുഞ്ഞന്‍ വിമാനങ്ങളും വ്യോമയാന ഡയറക്ടറേറ്റ് (ഡിജിസിഎ) നല്‍കുന്ന പെര്‍മിറ്റും (അണ്‍മാന്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റര്‍ പെര്‍മിറ്റ് യുഎഒപി) വ്യക്തിഗത തിരിച്ചറിയല്‍ നമ്പരും (യുഐഎന്‍) കരസ്ഥമാക്കണം.

അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തില്‍ മാത്രമെ ഇവ പറത്താന്‍ പാടുള്ളൂ. രാത്രിയില്‍ ഉപയോഗിക്കരുത്. യുഐഎന്‍ ലഭിക്കണമെങ്കില്‍ 1000 രൂപയാണു ഫീസ്. യുഎഒപിക്കു 25,000 രൂപയും. ഈ പെര്‍മിറ്റ് 5 വര്‍ഷത്തേക്കാണ്. ഇതിനു ശേഷം 10,000 രൂപ നല്‍കി പെര്‍മിറ്റ് പുതുക്കാം.

18 വയസ് പൂര്‍ത്തിയായവര്‍ക്ക് മാത്രമേ ഡ്രോണ്‍ പറത്താനുള്ള ലൈസന്‍സ് നല്‍കുക. ഇതിന് പുറമേ ഇംഗ്ലീഷ് പരിജ്ഞാനവും പത്താം ക്ലാസ് ജയവും ആവശ്യമാണ്. വിമാനത്താവളങ്ങളുടെ പരിസരം, രാജ്യാന്തര അതിര്‍ത്തി, ന്യൂഡല്‍ഹി വിജയ് ചൗക്ക്, സംസ്ഥാന സെക്രട്ടറിയേറ്റ് മന്ദിരങ്ങള്‍, സേന കേന്ദ്രങ്ങള്‍ മറ്റ് സുരക്ഷാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഡ്രോണ്‍ പറത്താന്‍ അനുമതി ഉണ്ടാവില്ല.

രജിസ്റ്റര്‍ ചെയ്യേണ്ട വിധം

ഡിജിററല്‍ സ്‌കൈ വൈബ്‌സൈറ്റിലോ ആപ്പിലോ റജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഡ്രോണിന്റെ ഉടമസ്ഥന്‍, പറത്തുന്നയാളുടെ വിവരം, ഡ്രോണിനെ സംബന്ധിച്ചവിവരങ്ങള്‍ എന്നിവ വൈബ്‌സൈറ്റില്‍ ചേര്‍ക്കേണ്ടതുണ്ട്. ഡ്രോണ്‍ നിയന്ത്രിക്കുന്നവര്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാണ് ഈ നടപടി.