‘ദുല്‍ഖറിന്റെ മറുപടി ഞെട്ടിച്ചു’; ഒരു യമണ്ടന്‍ പ്രേമകഥയുടെ കഥ പറയാന്‍ പോയപ്പോഴുണ്ടായ സംഭവത്തെക്കുറിച്ച് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു

single-img
23 November 2018

ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് മടങ്ങി എത്തുന്ന ചിത്രമാണ് ഒരു യമണ്ടന്‍ പ്രേമകഥ. സോളോയ്ക്ക് ശേഷം അന്യഭാഷാ ചിത്രങ്ങളിലായിരുന്നു ദുല്‍ഖര്‍ കൂടുതലായി അഭിനയിച്ചിരുന്നത്. പുതിയ ചിത്രവുമായി ദുല്‍ഖര്‍ എത്തുമ്പോള്‍ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്.

അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീം തിരക്കഥ രചിച്ച ചിത്രമാണിത്. ചിത്രത്തിലേക്ക് ദുല്‍ഖര്‍ എത്തിയത് എങ്ങിനെയെന്ന് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് വിഷ്ണു.

‘ഞങ്ങള്‍ ഈ കഥ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് ആസ്വദിച്ചു ഒരുപാട് ചിരിച്ചു. അപ്പോള്‍ ഈ ചിത്രം അദ്ദേഹം ഉടന്‍ ചെയ്യാന്‍ തീരുമാനിക്കും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ താന്‍ ശരിക്കും ഒന്ന് ആലോചിക്കട്ടെ എന്ന മറുപടിയാണ് ദുല്‍ഖറില്‍ നിന്ന് കിട്ടിയത്.

തനിക്കു ഈ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ പറ്റുമോ എന്ന സംശയമായിരുന്നു ദുല്‍ഖറിനെ കൊണ്ട് അത് പറയിച്ചത്. പിന്നീട് അദ്ദേഹം ഈ ചിത്രം ചെയ്യാന്‍ തീരുമാനിക്കുകയും ഇതിലെ കട്ട ലോക്കല്‍ ആയ കഥാപാത്രത്തെ ഗംഭീരമായ രീതിയില്‍ തന്നെ അവതരിപ്പിക്കുകയും ചെയ്തു’ എന്നും വിഷ്ണു പറഞ്ഞു.

ഒരു ലോക്കല്‍ പെയിന്ററുടെ വേഷത്തിലാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. പറവയ്ക്കു ശേഷം ദുല്‍ഖര്‍ ചെയ്യുന്ന ഒരു നാടന്‍ കഥാപാത്രം കൂടിയായിരിക്കും യമണ്ടന്‍ പ്രേമകഥയിലേത്. നവാഗതനായ ബിസി നൗഫലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ ആരംഭിച്ചു.

ചിത്രത്തില്‍ സലിം കുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്, ഹരീഷ് കണാരന്‍, സൗബിന്‍ ഷാഹിര്‍, ധര്‍മ്മജന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ തുടങ്ങി മലയാളത്തിലെ ഒട്ടുമിക്ക കോമഡിതാരങ്ങളും വേഷമിടുന്നുണ്ട്. തീവണ്ടിയിലൂടെ ശ്രദ്ധേയയായ സംയുക്ത മേനോനും അരവിന്ദന്റെ അതിഥികളിലൂടെ തിളങ്ങിയ നിഖില വിമലുമാണ് ചിത്രത്തില്‍ നായികമാര്‍.