തൃശ്ശൂരിലേക്ക് സ്ഥലംമാറി വന്ന ‘വ്യാജ പൊലീസ് ഐജി’ പിടിയിലായി; പത്താം ക്ലാസുകാരന്‍ ‘ഐജി’ ആയ കഥ കേട്ട് ഞെട്ടി പോലീസ്

single-img
7 November 2018

തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാറിനു പകരം സ്ഥലംമാറിയെത്തിയ ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് 5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ പിടിയിലായ മിഥുനെതിരെ കൂടുതല്‍ പരാതികള്‍. പൊലീസില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നും മിഥുന്‍ പണം തട്ടിയിട്ടുണ്ടെന്നാണ് വിവരം.

മിഥുനെ കഴിഞ്ഞ ദിവസമാണ് മണ്ണുത്തി പൊലീസ് തൃശ്ശൂര്‍ താളിക്കുണ്ടിലുള്ള രണ്ടാം ഭാര്യയുടെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചേര്‍പ്പ് ഇഞ്ചമുടി സ്വദേശിയായ മിഥുന്‍ ആര്‍ ഭാനുകൃഷ്ണ ഐപിഎസ് എന്ന പേരിലാണ് തട്ടിപ്പുകള്‍ നടത്തിയത്. സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ശബരിമലയില്‍ ഡ്യൂട്ടിക്ക് പോയ തൃശ്ശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്ത്കുമാറിന് പകരം സ്ഥലം മാറി വന്നതാണെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇത് തെളിയിക്കാന്‍ വ്യാജ ഉത്തരവും ഇയാള്‍ കയ്യില്‍ കരുതിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളുടെ തട്ടിപ്പുകള്‍ പുറത്തുവന്നത്.

പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള നിങ്ങള്‍ എന്തിന് ഐപിഎസ് വേഷംകെട്ടുന്നു എന്നു ചോദിച്ച പൊലീസ് സംഘത്തോട് മിഥുന്‍ പറഞ്ഞ മറുപടി വിചിത്രം. പൊലീസില്‍ ചേരണമെന്നതാണ് തന്റെ ജീവിതാഭിലാഷമെന്നായിരുന്നു മിഥുന്റെ മറുപടി. അതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാത്തതിനാല്‍ പൊലീസ് വേഷം കെട്ടുന്നു എന്നും പറഞ്ഞു.

പൊലീസ് രേഖകള്‍ പ്രകാരം മിഥുന്‍ പൊലീസ് വേഷത്തില്‍ തട്ടിപ്പു തുടങ്ങിയത് 17 വയസ്സു മുതല്‍. ചേര്‍പ്പില്‍ സ്ഥലംമാറിയെത്തിയ എസ്‌ഐ ആണെന്ന പേരില്‍ ഒരാള്‍ക്കു ജോലി വാഗ്ദാനം ചെയ്തു പണം തട്ടാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. സംശയം തോന്നിയ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അന്നു പിടിയിലായെങ്കിലും 18 വയസ്സ് തികയാത്തതിന്റെ ആനുകൂല്യത്തില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെട്ടു. ഇതിനിടെ ചേര്‍പ്പ് സ്വദേശിനിയെ വിവാഹം കഴിച്ചു.

ഐപിഎസ് വേഷം കെട്ടി ഡിഐജിയാണെന്നു തെറ്റിദ്ധരിപ്പിച്ച് താളിക്കുണ്ട് സ്വദേശിനിയെയും പിന്നീട് വിവാഹം കഴിച്ചു. പൊലീസില്‍ ജോലിനല്‍കാമെന്നു പറഞ്ഞ് ഭാര്യയുടെ സഹോദരനില്‍ നിന്ന് 5 ലക്ഷം രൂപ വാങ്ങി. ഇയാള്‍ക്ക് സിവില്‍ പൊലീസ് യൂണിഫോം തയ്പിച്ചു നല്‍കി. സര്‍ക്കാര്‍ മുദ്ര സഹിതം നിയമന ഉത്തരവും പ്രിന്റ് ചെയ്തു നല്‍കിയിരുന്നു.

റിട്ട. ട്രഷറി ഓഫിസറായ മുളങ്കുന്നത്തുകാവ് തിരുത്തിപ്പറമ്പ് മാളിയേക്കല്‍ മുഹമ്മദുകുട്ടിയെ പറ്റിച്ചാണ് ഇയാള്‍ ജീപ്പും ലാപ്‌ടോപ്പും എയര്‍ പിസ്റ്റളും സംഘടിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഐപിഎസ് ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

ഇയാളുമായി പരിചയത്തിലായശേഷം മിഥുന്‍ മുളങ്കുന്നത്തുകാവിലെ ലോഡ്ജില്‍ മുറി സംഘടിപ്പിച്ചു സൗഹൃദം വ്യാപിപ്പിച്ചു. തനിക്ക് ഐപിഎസ് ലഭിച്ചുവെന്നും സര്‍ക്കാര്‍ വാഹനം ലഭിക്കുന്നതുവരെ താല്‍ക്കാലികമായി സഞ്ചരിക്കാന്‍ ജീപ്പ് വേണമെന്നും മുഹമ്മദുകുട്ടിയെ ധരിപ്പിച്ചു. 3.5 ലക്ഷം രൂപയ്ക്കു മുഹമ്മദുകുട്ടി ജീപ്പ് വാങ്ങിനല്‍കി.

ഔദ്യോഗിക തോക്ക് ലഭിക്കുന്നതുവരെ താല്‍ക്കാലികമായി ഉപയോഗിക്കാന്‍ പിസ്റ്റള്‍ വാങ്ങണമെന്നും ഇതിനായി 1.5 ലക്ഷം രൂപ വേണമെന്നും മിഥുന്‍ പറഞ്ഞപ്പോള്‍ അതും നല്‍കി. പുത്തന്‍ ലാപ്‌ടോപ്പും വാങ്ങിക്കൊടുത്തു. മിഥുന്‍ അറസ്റ്റിലായെന്നറിഞ്ഞപ്പോഴാണ് മുഹമ്മദുകുട്ടി സത്യം അറിയുന്നത്.