തിരുവനന്തപുരത്ത് ബാരിക്കേഡില്‍ ഇടിച്ച് ബൈക്ക് രണ്ടു കഷ്ണമായി

single-img
27 October 2018

ഗതാഗതം തടയാന്‍ സ്ഥാപിച്ച ഇരുമ്പു നിര്‍മിത ബാരിക്കേഡില്‍ ഇടിച്ച് ഇരുചക്ര വാഹനം രണ്ടായി മുറിഞ്ഞു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടുമണിയോടെ കോവളം ബൈപാസ് റോഡില്‍ കല്ലുവെട്ടാന്‍കുഴി ഭാഗത്താണ് അപകടം ഉണ്ടായത്. സംഭവത്തില്‍ ബാലരാമപുരം സ്വദേശികളായ തൗഫീഖ്(20), അനൂപ്(19), അരവിന്ദ്(20) എന്നിവര്‍ക്ക് പരുക്കേറ്റു.

പട്രോളിങ് നടത്തുകയായിരുന്ന വിഴിഞ്ഞം പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഏതാനും മാസം മുന്‍പ് ഇവിടെ മിനിലോറിയിടിച്ചുണ്ടായ അപകടത്തില്‍ ഇരുചക്രവാഹന യാത്രികയായ ബാലിക മരിച്ചിരുന്നു. തുടര്‍ന്നു നിര്‍മാണം പൂര്‍ത്തിയാകാത്ത ഈ റോഡില്‍ കോവളത്തിനും മുല്ലൂര്‍ തലക്കോടിനും മധ്യേ പൊലീസ് ഗതാഗതം നിരോധിച്ചിരുന്നു.

ഇരുഭാഗത്തും ബാരിക്കേഡുകളും സ്ഥാപിച്ചു. എന്നാല്‍ ചില ഭാഗങ്ങളില്‍ ബാരിക്കേഡു മാറ്റി ഇരുചക്രവാഹനങ്ങള്‍ കടന്നുപോകുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇത്തരത്തിലെത്തിയ വാഹനങ്ങളിലൊന്നാണ് അപകടത്തില്‍പെട്ടതെന്നു കരുതുന്നു.