ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ എബിവിപി വനിതാ നേതാവിന് ആര്‍എസ്എസിന്റെ വധഭീഷണി

single-img
26 October 2018

ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ എബിവിപി വനിത നേതാവ് ശ്രീപാര്‍വതിക്ക് സംഘപരിവാറിന്റെ വധഭീഷണി. ബിജെപി നേതൃത്വത്തിന്റെ നിലപാടിനോട് യോജിപ്പില്ലെന്നും എബിവിപി നേതൃത്വം സുപ്രീം കോടതി വിധിക്ക് അനുകൂലമാണെന്നും ശ്രീപാര്‍വതി പറഞ്ഞിരുന്നു.

ഇതോടെയാണ് ശ്രീപാര്‍വതിക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വധഭീഷണി മുഴക്കിയത്. എ.ബി.വി.പിയുടെ തിരുവനന്തപുരം നഗരപ്രമുഖാണ് ശ്രീപാര്‍വതി. നേരത്തെ ആര്‍ എസ് എസ് മുഖപത്രമായ കേസരിയില്‍ വിധിയെ സ്വാഗതം ചെയ്ത് ശ്രീപാര്‍വ്വതി ലേഖനമെഴുതിയിരുന്നു.

‘സുപ്രീം കോടതി വിധിയില്‍ ഏറെ ആഹ്ലാദിക്കുന്നു. ഞങ്ങള്‍ എത്രയും പെട്ടെന്നു കുടുംബസമേതം ശബരിമലയ്ക്ക് പോകും. ഞങ്ങളോടൊപ്പം കുടുംബ സുഹൃത്തുക്കളായ സ്ത്രീകളും ഉണ്ടാകും. അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റെയും പേരില്‍ പല മേഖകലളില്‍ നിന്നും സ്ത്രീകളെ ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത്തരം ആചാരങ്ങള്‍ക്കൊന്നും യുക്തിഭദ്രതയില്ല. കുറെ കാലമായുള്ള എന്റെ ആഗ്രഹമാണ് നിറവേറാന്‍ പോകുന്നത്.’

ഈ കുറിപ്പ് ശ്രദ്ധയില്‍പെട്ട ഏതാനും ആര്‍.എസ്.എസ്. നേതാക്കള്‍ ശ്രീപാര്‍വതിയെ കാണുകയും തന്റെ നിലപാട് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. നിലപാട് തിരുത്താന്‍ താന്‍ തയാറാകാത്തപ്പോഴാണ് തനിക്കെതിരെ ആര്‍.എസ്.എസ്. വധഭീഷണി മുഴക്കിയതെന്നു ശ്രീപാര്‍വതി പറയുന്നു.

എബിവിപി സംസ്ഥാന, ദേശീയ നേതൃത്വങ്ങള്‍ക്കും സമാന അഭിപ്രായമാണുള്ളതെന്നും യഥാര്‍ത്ഥ വിശ്വാസികള്‍ കലാപത്തിന് ശ്രമിക്കില്ലെന്നും ആര്‍ത്തവം അശുദ്ധമല്ലെന്നും ശ്രീ പാര്‍വതി വ്യക്തമാക്കി. തിരുവനന്തപുരം കോഓപറേറ്റീവ് ട്രൈനിംഗ് കോളെജ് വിദ്യാര്‍ത്ഥിയാണ് ശ്രീപാര്‍വതി. ശ്രീപാര്‍വതിയെ കൂടാതെ തിരുവന്തപുരത്തെ പ്രമുഖ ആര്‍.എസ്.എസ്. നേതാവ് സുജിത്തിന്റെ മകള്‍ അഞ്ജന സുജിത്തും ശബരിമല വിധിയെ അനുകൂലിച്ചുകൊണ്ട് ‘കേസരി’യില്‍ അഭിപ്രായപ്രകടനം നടത്തിയിരുന്നു.

ശ്രീപാര്‍വതിയുടെ നിലപാടിന് മാറ്റമില്ലെന്നും കുടുംബവുമായി ശബരിമലയില്‍ പോകാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ശ്രീപാര്‍വതിയുടെ മാതാവ് ബിന്ദു പറഞ്ഞു. ശബരിമല സ്ത്രീപ്രവേശനവിധി ആര്‍.എസ്.എസ്സും സംഘപരിവാറും അംഗീകരിച്ചതായാണ് മകള്‍ തന്നോട് പറഞ്ഞത്.

തങ്ങള്‍ അതില്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ വളരെ പെട്ടെന്നാണ് അവര്‍ നിലപാട് മാറ്റിയത്. നിലപാട് മാറ്റിയതില്‍ മകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. അപ്പോള്‍ സ്ഥാനം ഒഴിയാന്‍ പറഞ്ഞുകൊണ്ടാണ് ആര്‍.എസ്.എസ്. പ്രതികരിച്ചത്. ഇതിനെതിനെതിരെ ശ്രീപാര്‍വതി നിലപാട് കടുപ്പിച്ചു.

സംഘപരിവാറിന്റെ ഇരട്ടത്താപ്പ് മനസിലാക്കിയതിനാലായിരുന്നു ഇത്. സുപ്രീം കോടതി വിധിയില്‍ തങ്ങള്‍ക്ക് ആഹ്ലാദമാണുള്ളതെന്നും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പേരില്‍ വിധിയെ പഴിക്കാന്‍ തങ്ങള്‍ തയാറല്ലെന്നും ശ്രീപാര്‍വതിയുടെ കുടുംബം പറയുന്നു. ‘കുടുംബത്തിലെ മറ്റു സ്ത്രീകളെയും സ്ത്രീകളായ സുഹൃത്തുക്കളെയും കൂടെക്കൂട്ടും. കാലപ്പഴക്കം ചെന്ന ചില വിശ്വാസങ്ങളുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന പ്രവണത ശരിയല്ല’. കുടുംബാംഗങ്ങള്‍ പറഞ്ഞു.