സസ്‌പെന്‍ഡ് ചെയ്തതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ ബിജെപിയിലേക്ക്

single-img
26 October 2018

ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ ജി.രാമന്‍നായര്‍ ബിജെപിയിലേക്ക്. ശബരിമല വിഷയത്തില്‍ ബിജെപിയുടെ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിന് രാമന്‍നായരെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

വിശദീകരണം ചോദിക്കാതെയാണ് തനിക്കെതിരെ പാര്‍ട്ടി നടപടി എടുത്തതെന്നും ഈശ്വര വിശ്വാസി എന്ന നിലയിലാണ് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതെന്നും രാമന്‍ നായര്‍ വിശദീകരിച്ചു. പാര്‍ട്ടി മാറുന്നതിന് മുന്നോടിയായി രാമന്‍നായര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പടെയുള്ള നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയെന്നാണ് വിവരം.

ശബരിമല വിഷയത്തില്‍ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. രാമന്‍നായര്‍ക്ക് ബിജെപിയില്‍ എന്ത് പദവി ലഭിക്കുമെന്ന കാര്യത്തിലൊന്നും തീരുമാനമായിട്ടില്ലെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ പിന്നീടുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വരുമ്പോഴാകും ബിജെപി അംഗത്വം അദ്ദേഹം സ്വീകരിക്കുക.

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നിലയ്ക്കലില്‍ നടത്തിയ ഉപവാസ സമരം കെപിസിസി നിര്‍വ്വാഹക സമിതിയംഗം കൂടിയായ രാമന്‍നായര്‍ ഉദ്ഘാടനം ചെയ്തതിരുന്നു. ഇതിനെ തുടര്‍ന്ന് രാമന്‍ നായരെ എഐസിസി പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.