കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറസ്റ്റില്‍

single-img
26 October 2018

സി.ബി.ഐ മേധാവിയെ മാറ്റിയതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ചിനിടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

സി.പി.എം അടക്കമുള്ള മറ്റ് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതിനിധികളും മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകള്‍ക്കു മുമ്പിലും കോണ്‍ഗ്രസ് ഇന്നു പ്രതിഷേധ ധര്‍ണ നടത്തുമെന്ന് അറിയിച്ചിരുന്നു. അര്‍ധരാത്രിയില്‍ സി.ബി.ഐ മേധാവിയെ മാറ്റിയ നടപടി ലജ്ജാവഹവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

റഫാല്‍ യുദ്ധ വിമാന ഇടപാടിനെ കുറിച്ചുള്ള അന്വേഷണം തടസപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ നടപടി. അന്വേഷണം നടന്നിരുന്നെങ്കില്‍ പ്രധാനമന്ത്രിയുടെ അഴിമതി പിടിക്കപ്പെടുമെന്ന പേടിയാണു തീരുമാനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.

അഴിമതിവിരുദ്ധത പറയുന്ന ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിബിഐ തമ്മിലടി തുറുപ്പുചീട്ടാക്കി അതേ നാണയത്തില്‍ കുടുക്കുകയാണു രാഹുലിന്റെയും സംഘത്തിന്റെയും ലക്ഷ്യം. രാജ്യത്തെ എല്ലാ സിബിഐ ഓഫിസുകളിലും രാവിലെ പത്തരയ്ക്കായിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ.