തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു: മോശം അനുഭവങ്ങള്‍ പങ്കുവെച്ച് അനുശ്രീ

single-img
26 October 2018

നാട്ടിന്‍ പുറത്തു നിന്ന് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കെത്തിയ തനിക്ക് കരിയറിന്റെ തുടക്കകാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും തന്നെപ്പറ്റി ഒരുപാട് കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നെന്നും അനുശ്രീ. ഇതൊക്കെ കേട്ട് താന്‍ ഒരുപാട് വിഷമിച്ചിരുന്നെന്നും താരം പറഞ്ഞു.

തന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസിന്റെ ചിത്രീകരണ സമയത്താണ് മനസ് വിഷമിപ്പിക്കുന്ന അനുഭവങ്ങള്‍ ഉണ്ടായതെന്നാണ് അനുശ്രീ പറയുന്നത്. ‘കരിയറിന്റെ തുടക്ക കാലത്ത് നാട്ടുകാരുടെ ഭാഗത്തു നിന്ന് മോശം അനുഭവങ്ങളുണ്ടായിട്ടുണ്ട്.

തന്നെപ്പറ്റി ഒരുപാട് തെറ്റായ കഥകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു. ആ കെട്ടുകഥകള്‍ കേട്ട് മനസു തകര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ഒരു പൊതുവേദിയില്‍ തുറന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞിട്ടുണ്ട്. എന്നെ പിന്തുണക്കേണ്ട സമയത്താരും എന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോള്‍ എന്നെ പൊക്കി വിടേണ്ട കാര്യമില്ല’ അനുശ്രീ പറയുന്നു.

സിനിമയില്‍ തന്റെ ഗുരുവായ ലാല്‍ജോസ് വ്യക്തിജീവിതത്തിലെ വിഷമഘട്ടങ്ങളിലും തനിക്ക് മാനസിക പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അനുശ്രീ പറയുന്നു. മോശം വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ താന്‍ ലാല്‍ജോസിനെ വിളിച്ച് സങ്കടം പറയുമായിരുന്നു.

ആ സമയത്തൊക്കെ തന്റെ കോള്‍ വരുമ്പോള്‍ ദാ അനുശ്രീ കരയാന്‍ വേണ്ടി വിളിക്കുകയാണെന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും അനുശ്രീ പറയുന്നു. റിയാലിറ്റി ഷോയില്‍ വിജയിയായ അനുശ്രീയെ സംവിധായകന്‍ ലാല്‍ ജോസാണ് മലയാളിയ്ക്ക് പരിചയപ്പെടുത്തിയത്.