സ്‌റ്റേജ് ഷോയുടെ പേരില്‍ എ.എം.എം.എയും നിര്‍മാതാക്കളും ‘തമ്മില്‍ അടി’

single-img
26 October 2018

സ്റ്റേജ് ഷോയ്ക്ക് വേണ്ടി ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു കൊടുക്കാനാകില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടി ഡിസംബര്‍ ഏഴിനാണ് അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്.

ഇതിനായി ഒരാഴ്ച ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടുനല്‍കണമെന്ന് അമ്മ സെക്രട്ടറി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് വാട്‌സ് ആപ്പ് സന്ദേശമയച്ചിരുന്നു. ഇതിനെതിരെയാണ് നിര്‍മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. നിര്‍മാതാക്കളോട് താരങ്ങള്‍ കാണിക്കുന്ന നിസ്സഹകരണം എടുത്തു പറഞ്ഞാണ് സെക്രട്ടറി എം.രഞ്ജിത് എ.എം.എം.എക്ക് കത്ത് അയച്ചിരിക്കുന്നത്.

തങ്ങളോട് സഹകരിക്കാതെ എ.എം.എം.എ എടുക്കുന്ന ഏകപക്ഷീയ തീരുമാനങ്ങളോട് യോജിച്ചു പോകാന്‍ കഴിയില്ലെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എ.എം.എം.എക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. കേരള ഫിലിം ചേംബറിനോടോ പ്രൊഡ്യൂസേഷ്‌സ് അസോസിയേഷനോ അലോചിക്കാതെ ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തത് പ്രതിഷേധാര്‍ഹമാണ്.

ഷോ സംഘടിപ്പിക്കാതെ തന്നെ അഞ്ചു കോടിയുണ്ടാക്കാന്‍ സംഘടനക്ക് കഴിയും. തങ്ങളോട് ആലോചിക്കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയ നടപടി തെറ്റാണെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. അസോസിയേഷന്റെ കെട്ടിടം പണിക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി താര ഷോ സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ട് ഇതുവരെ സഹകരിച്ചിട്ടില്ലെന്നും അതേ സമയം ഓരോ കാരണങ്ങള്‍ പറഞ്ഞ് കബളിപ്പിച്ച് സ്വകാര്യ സ്ഥാപനങ്ങളുടെ ഷോയില്‍ മുന്‍ നിര താരങ്ങളടക്കം പങ്കെടുക്കുന്നത് ചാനലിലൂടെ കണ്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

പ്രളയക്കെടുതികള്‍ സിനിമാ മേഖലയേയും ബാധിച്ച സാഹചര്യത്തില്‍ ഷൂട്ടിങ് നിര്‍ത്തിവെച്ച് താരങ്ങളെ വിട്ടു നല്‍കാന്‍ ആവില്ലെന്നാണ് അസോസിയേഷന്‍ വ്യക്തമാക്കിയത്. സിനിമാ വ്യവസായത്തിലെ അംഗങ്ങളടക്കം ഒട്ടനവധി പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും തിയറ്ററുകള്‍ പോലും പ്രദര്‍ശനയോഗ്യമല്ലാതാകുകയും ചെയ്തു.

ഓണത്തിന് പോലും സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. വിഷുവരെയുള്ള റിലീസും ചിത്രീകരണവും കഷ്ടപ്പെട്ട് ക്രമീകരിച്ച സാഹചര്യത്തില്‍ താരങ്ങളെ വിട്ടു തരാന്‍ കഴിയില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ നല്‍കുന്നത് സ്വാഗതം ചെയ്യുന്നു, എന്നാല്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട തങ്ങളെ വീണ്ടും നഷ്ടങ്ങള്‍ സഹിച്ചോളൂ എന്നു പറഞ്ഞ് ഷോ നടത്തുന്നതിനോട് യോജിക്കാനാകില്ലെന്നും കത്തില്‍ പറയുന്നു.