രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള

single-img
25 October 2018

കോടതിയലക്ഷ്യനടപടികളൊന്നും താന്‍ ചെയ്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിളള. സമരം തെറ്റെങ്കില്‍ അയ്യപ്പന്റെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ സന്തോഷമേയുളളൂ. നിലക്കലില്‍ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം.

പൊലീസ് ബി.ജെ.പി പ്രവര്‍ത്തകരെ വേട്ടയാടുകയാണ്. ഇന്നലെ മാത്രം 100 പേരെ അറസ്റ്റ് ചെയ്തു. ശബരിമലയെ തകര്‍ക്കാനാണ് നീക്കം നടക്കുന്നത്. ഭക്തജനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം കമ്മ്യൂണിസ്റ്റ് ചതിയാണെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

തന്ത്രിമാരുടെ സ്ഥാനം ഏറ്റെടുക്കാന്‍ എ.കെ.ജി സെന്റര്‍ ശ്രമിക്കേണ്ടതില്ല. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണ്. ഇടത് സര്‍ക്കാരിന്റെ ശ്രമം വന്‍ ചതിയാണ്. ഇത് വിശ്വാസത്തിനെതിരായ വെല്ലുവിളിയെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആളുകളെ നിയോഗിച്ചതിന് രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി.ജെ.പിയേയും അധിക്ഷേപിക്കുന്നയാളാണ് രാഹുല്‍. ഭിന്ന ലിംഗക്കാരെ താന്‍ അപമാനിച്ചെന്ന് ആരോപിച്ച് സി.പി.എം വേട്ടയാടന്‍ ശ്രമിക്കുകയാണ്. ഭിന്നലിംഗക്കാരെ തനിക്കെതിരെ സമരത്തിനിറക്കിയത് സി.പി.എമ്മാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.