ഉയരങ്ങളില്‍ പ്രണയിനിക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന കാമുകന്‍; ലോകം തേടുന്ന നിഗൂഢത നിറച്ച ആ പ്രണയികള്‍ ആര് ?

single-img
25 October 2018

പാറമടക്കുകളെ സാക്ഷിയാക്കി, ഉയരങ്ങളില്‍ പ്രണയിനിക്കു മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്ന കാമുകന്‍. ഒക്ടോബര്‍ 6ന് മാത്യു ഡിപ്പെല്‍ എന്ന അമേരിക്കന്‍ ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. കാലിഫോര്‍ണിയയിലെ യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കിലെ ടോഫ് പോയിന്റിലായിരുന്നു ഈ പ്രണയനിമിഷം.

അവിചാരിതമായി മുന്നില്‍ വന്ന ദൃശ്യം ഡിപ്പെല്‍ തന്റെ ക്യാമറയില്‍ പകര്‍ത്തി. ഇന്ന് ആ ചിത്രം ലോകം മുഴുവന്‍ പടരുകയാണ്. ഈ മനോഹരമായ ദൃശ്യത്തിലെ പ്രണയികളെ തേടുകയാണ് ഡിപ്പെല്ലിനൊപ്പം ലോകവും. യോസ്‌മൈറ്റ് നാഷണല്‍ പാര്‍ക്കില്‍ സുഹൃത്തിന്റെ ചിത്രങ്ങളുമെടുത്ത് ടൂറിസ്റ്റുകളോടും മറ്റു ഫൊട്ടോഗ്രാഫര്‍മാരോടും ഒപ്പം നില്‍ക്കുമ്പോഴാണ് ഡിപ്പെല്‍ എതിര്‍വശത്തുള്ള മലയുടെ തുഞ്ചത്തു നില്‍ക്കുന്ന രണ്ടു പേരെ കാണുന്നത്.

ഉടന്‍ ആ കാഴ്ച തന്റെ ക്യാമറയില്‍ പകര്‍ത്തിയ ഡിപ്പെല്‍ ആ മനോഹര കാഴ്ച സമ്മാനിച്ച നായകനെയും നായികയെയും കാണാന്‍ കുതിച്ചു. പക്ഷേ, ആ മനോഹര ചിത്രത്തിലെ നായികയും നായകനും അവിടെ ഉണ്ടായിരുന്നില്ല. ഇവരെ കണ്ടെത്താനാവാതെ വന്നതോടെയാണ് ഒക്ടോബര്‍ 17ന് ഡിപ്പെല്‍ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ഇവരെ കണ്ടെത്താന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ടും ചിത്രമെടുത്ത തീയതിയും സ്ഥലവും വ്യക്തമാക്കിയുമാണ് ഡിപ്പെല്‍ ട്വീറ്റ് ചെയ്തത്. ഇതിനു പിന്നാലെ ചിത്രം വൈറലായി. ട്വിറ്ററില്‍ ഒരു ലക്ഷത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ഫെയ്‌സ്ബുക്കില്‍ 15000 ലധികം തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു ഈ ചിത്രം. ഈ മനോഹരമായ ചിത്രത്തിലെ പ്രണയികളെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയാണ് ചിത്രം പങ്കുവെയ്ക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്.