ഇത് പകല്‍ക്കൊള്ള: തിരുവനന്തപുരത്ത് ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് വില 115 രൂപ

single-img
25 October 2018

തിരുവനന്തപുരം വഴുതക്കാടുള്ള ‘ചെറീസ് ആന്‍ഡ് ബെറീസ്’ എന്ന റെസ്‌റ്റോറന്റില്‍ നിന്നും നാരങ്ങാവെള്ളം വാങ്ങിയതിന് തീവില ഈടാക്കിയെന്ന് ആരോപണം. ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപയാണ് ഈടാക്കിയതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ അബ്ദുള്‍ അലീഫ് എന്നയാള്‍ പറയുന്നു. ബില്ല് സഹിതമാണ് ഇയാള്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്‍പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ലയെന്നും അദ്ദേഹം പറയുന്നു. വിലകേട്ടുള്ള ഷോക്ക് തീരാന്‍ പുറത്തിറങ്ങി മറ്റൊരു ബേക്കറിയില്‍ നിന്നും 12 രൂപ നല്‍കി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് ആശ്വാസമായതെന്നും ഇദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചെറീസ് ആന്‍ഡ് ബെറീസ്’ അധികൃതര്‍ ‘ഇ വാര്‍ത്തയോട്’ പ്രതികരിച്ചത് ഇങ്ങനെ:

‘ഇതുവരെ ആരും ജ്യൂസിന് വില കൂടുതലാണ് എന്ന് പരാതി പറഞ്ഞിട്ടില്ല. ഞങ്ങളുടെ മെനു കാര്‍ഡ് കണ്ട ശേഷമാണ് ഓരോരുത്തരും ജ്യൂസ് ഓര്‍ഡര്‍ ചെയ്യുന്നത്. ഇവിടെ വരുന്നവര്‍ ഒരു ജ്യൂസ് ഓര്‍ഡര്‍ ചെയ്ത് അതും കുടിച്ച് ഒന്നു രണ്ടു മണിക്കൂര്‍ വരെ ഇവിടത്തന്നെ ഇരിക്കുകയാണ് ചെയ്യുന്നത്. കൂടാതെ എസിയിലിരുന്ന് ഇവിടത്തെ ഫ്രീ വൈഫൈയും അവര്‍ ഉപയോഗിക്കാറുണ്ട്. അതെല്ലാം കൂടി കണക്കാക്കിയാണ് ജ്യൂസിന് 115 രൂപ ഈടാക്കുന്നത്.’

അബ്ദുള്‍ അലീഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗഌസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!
പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..

അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??????