സംസ്ഥാനത്ത് ഇറച്ചിക്കോഴിയുടെ വില കുതിക്കുന്നു

single-img
25 October 2018

സംസ്ഥാനത്ത് കോഴിയിറച്ചി വിലയില്‍ അനിയന്ത്രിതമായ വര്‍ധനവ്. പലയിടങ്ങളിലും കോഴി വില 150 രൂപ കടന്നു. രണ്ടാഴ്ചമുമ്പുവരെ 85-90 രൂപ നിരക്കിലായിരുന്ന കോഴി വില ഇപ്പോള്‍ 50-60 രൂപയോളമാണ് വര്‍ധിച്ചത്. ഇതിനു മുമ്പ് സംസ്ഥാനത്ത് 140 രൂപയില്‍ കൂടുതല്‍ വില ഉയര്‍ന്നിട്ടില്ല. 220 രൂപയാണ് കോഴിക്കോട് നടക്കാവിലെ കോഴിമാര്‍ക്കറ്റില്‍ ബുധനാഴ്ചത്തെ വില.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം വന്‍ വര്‍ധനയാണ് ഉണ്ടായത്. മഹാനവമി, വിജയദശമി, ദസറ ആഘോഷങ്ങളോടനുബന്ധിച്ച് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഏതാനും ദിവസങ്ങളായി അവധിയായതിനാല്‍ അവിടെ നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറഞ്ഞതും വിലവര്‍ധനവിന് കാരണമായി.

വില ഇനിയും കൂടാനാണ് സാധ്യതയെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. കോഴിക്ക് വില വര്‍ധിച്ചതോടെ ഹോട്ടല്‍, പാര്‍ട്ടികള്‍ എന്നിവയെല്ലാം നടത്തുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. വില വര്‍ധിച്ചുവെന്നറിഞ്ഞതോടെ ചിക്കന്‍ വാങ്ങാനെത്തുന്നവര്‍ പലരും കടയിലെത്തി മടങ്ങിപ്പോവുകയോ എല്ലെങ്കില്‍ വാങ്ങുന്ന അളവില്‍ കുറവ് വരുത്തുകയോ ചെയ്യുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്‌നാട്ടില്‍ നിന്നായിരുന്നു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രധാനമായും കോഴികള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇവിടെ നിന്നുള്ള ചെറുകിട കോഴിഫാമുകള്‍ പലതും പൂട്ടിപ്പോയി. ജി.എസ്.ടി നിര്‍ബന്ധമാക്കിയതോടെ തുറക്കാനാവാത്ത അവസ്ഥ വന്നതോടെയാണ് ഇവിടേയുള്ള പല കോഴിഫാമുകളും പൂട്ടിപ്പോയത്.

തുടര്‍ന്ന് കഴിഞ്ഞ കുറച്ചുകാലമായി വന്‍കിട കുത്തകകളായിരുന്നു കോഴിവില നിയന്ത്രിച്ചിരുന്നത്. പ്രളയത്തിന് ശേഷം സംസ്ഥാനത്തെ പല കോഴിഫാമുകളും പൂട്ടിപ്പോയതോടെ ഇത് മുതലെടുക്കാന്‍ അന്യ സംസ്ഥാനത്ത് നിന്നുള്ള കോഴികള്‍ക്ക് വില കൂട്ടിയാണ് കച്ചവടക്കാര്‍ മാര്‍ക്കറ്റിലെത്തിച്ചിരുന്നത്. പ്രളയകാലത്ത് ഫാമുകള്‍ക്ക് നാശമുണ്ടായത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തിരുന്നു. പലതും പൂട്ടേണ്ടി വന്നു.