അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണം പ്രഖ്യാപിച്ചു; ‘അപകടം നടക്കുമ്പോള്‍ ജനങ്ങള്‍ സെല്‍ഫി പകര്‍ത്തുന്ന തിരക്കില്‍’

single-img
20 October 2018

പഞ്ചാബിലെ അമൃത്സറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ അന്വേഷണത്തിന് റെയിൽവെ മന്ത്രി പിയൂഷ് ഗോയൽ ഉത്തരവിട്ടു. അപകടവുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാരും അന്വേഷണം നടത്തും. സംഭവത്തെ തുടർന്ന് അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി റെയിൽവെ മന്ത്രി പീയൂഷ് ഗോയൽ ഇന്ത്യയിലേക്ക് പുറപ്പെട്ടു.

അതേസമയം തീവണ്ടി ഇടിച്ചുകയറുമ്പോള്‍ നിരവധി ആളുകള്‍ മൊബൈല്‍ഫോണുകളില്‍ വീഡിയോയും ഫോട്ടോയും എടുക്കുന്ന തിരക്കിലായിരുന്നെന്ന് റിപ്പോര്‍ട്ട്. അപകടം നടക്കുമ്പോള്‍ ജനങ്ങള്‍ ആഘോഷങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്. അറുപതിലധികം പേരാണ് അപകടത്തില്‍ മരിച്ചത്.

ഛൗറ ബസാറില്‍ നടന്ന ദസറ ആഘോഷത്തിനിടെ ട്രാക്കില്‍ നിന്ന ജനക്കൂട്ടത്തിലേക്ക് തീവണ്ടിയിടിച്ച് കയറിയാണ് അപകടമുണ്ടായത്. രാവണന്റെ കോലം കത്തിക്കുന്ന ചടങ്ങ് നടക്കുകയായിരുന്നു അപ്പോള്‍. പടക്കങ്ങള്‍ പൊട്ടുന്നതിന്റെ ശബ്ദം കാരണം തീവണ്ടി വരുന്നുണ്ടെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. എല്ലാവരും ആഘോഷങ്ങളും സെല്‍ഫികളും പകര്‍ത്തുന്ന തിരക്കിലായിരുന്നു.

ഇവര്‍ക്കിടയിലേക്ക് അതിവേഗത്തിലെത്തിയ ജലന്ധര്‍ അമൃത്സര്‍ എക്‌സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെടുന്നു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. അപകടം നടക്കുമ്പോള്‍ ഏഴുന്നൂറോളം പേര്‍ ഇവിടെ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

പുറത്തുവന്ന വീഡിയോയില്‍ കാണുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് രാഷ്ട്രീയനേതാക്കള്‍ അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. സെല്‍ഫി സംസ്‌കാരം ഇത്തരം അപകടങ്ങളിലേക്ക് വഴിവയ്ക്കുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. അശ്രദ്ധമൂലം വരുത്തിവച്ച അപകടമാണിതെന്നും ഒഴിവാക്കാമായിരുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.