മുത്തലാഖ്: കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി രൂക്ഷമായി വിമര്‍ശിച്ച് ജിഫ്രി മുത്തുകോയ തങ്ങള്‍

single-img
14 October 2018

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ കോഴിക്കോട്ട് നടന്ന സമസ്ത ഇകെ വിഭാഗത്തിന്റെ ശരിഅത് സമ്മേളനത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കും മുസ്‌ലീംലീഗിനും വിമര്‍ശനം. മുസ്‌ലീംലീഗ് മുന്‍കാല പാരമ്പര്യം മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തിയായിരുന്നു മുത്തുക്കോയ തങ്ങളുടെ വിമര്‍ശനം. മുത്തലാഖ് ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമസ്ത ഇകെ വിഭാഗം നടത്തിയ ശരീഅത്ത് സമ്മേളനത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്.

ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിയമങ്ങള്‍ വരുമ്പോള്‍ മുസ്ലീംലീഗും കുഞ്ഞാലിക്കുട്ടിയും മുന്‍ഗാമികളെ പോലെയല്ല പ്രവര്‍ത്തിക്കുന്നത്. പാര്‍ലമെന്റില്‍ ന്യൂനപക്ഷങ്ങളുടെ നാവാകണ്ടവരാണ് നിങ്ങള്‍. മുസ്ലീംലീഗിന്റെ പാരമ്പര്യം എന്തായിരുന്നുവെന്ന് ജനപ്രതിനിധികള്‍ മനസ്സിലാക്കണം.

അതേസമയം സുന്നി പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ആരും മുതിരേണ്ടതില്ല. ന്യൂനപക്ഷങ്ങളുടെ അവകാശത്തിന് മേല്‍ ആരും കൈകടത്തരുതെന്ന മുന്നറിയിപ്പും സമസ്ത പ്രസിഡണ്ട് നല്‍കി. എന്നാല്‍ പികെ കുഞ്ഞാലിക്കുട്ടി വിമരശനങ്ങള്‍ക്ക് മറുപടി നല്‍കിയില്ല.

അതേസമയം മുത്തലാഖ് ഓഡിനന്‍സിനെതിരെ കഴിയാവുന്നത് മുസ്ലീംലീഗും കുഞ്ഞാലിക്കുട്ടിയും ചെയ്തിട്ടുണ്ടെന്ന് മുസ്ലീലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് പാണക്കാട് സാദിഖലി തങ്ങള്‍ മറുപടി നല്‍കി. അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമുള്ള നിരവധി പ്രവര്‍ത്തകരാണ് കോഴിക്കോട് നടന്ന ശരിഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തത്.