ശബരിമലയിലെ തുലാമാസ പൂജക്കായുള്ള എല്ലാ ഒരുക്കങ്ങളും വേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി

single-img
13 October 2018

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കുള്ള ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിങ്കളാഴ്ചയ്ക്കകം ഒരുക്കങ്ങള്‍ തീര്‍ക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. ശബരിമല അവലോകന യോഗത്തിലാണ് ദേവസ്വം ബോര്‍ഡിന് മുഖ്യമന്ത്രി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.

ഒരുക്കങ്ങളെല്ലാം 80 ശതമാനത്തോളം പൂര്‍ത്തിയായെന്നും ശേഷിക്കുന്നവ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അവലോകന യോഗത്തില്‍ പറഞ്ഞു. ജലം, ദേവസ്വം, വനം മന്ത്രിമാരും അവലോകന യോഗത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ തുലാമാസ പൂജകള്‍ക്കായി സ്ത്രീകള്‍ സന്നിധാനത്ത് എത്തിയാല്‍ പ്രവേശിപ്പിക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.

ശബരിമലയില്‍ ഒരു സംഘം സ്ത്രീകളുമായി പ്രവേശിക്കുമെന്ന് തൃപ്തി ദേശായി പറഞ്ഞിരുന്നു .ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എല്ലാ പേരും സ്വാഗതം ചെയ്യണം എന്നും സുപ്രീം കോടതി നല്‍കിയ അവകാശമാണ് ശബരിമല പ്രവേശനം എന്നും തൃപ്തി ദേശായി വ്യക്തമാക്കി .