വിന്‍ഡോസ് 10 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യരുത്; രേഖകള്‍ നഷ്ടമാകും; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

single-img
8 October 2018

വിന്‍ഡോസ് 10 അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് സുരക്ഷിതമല്ലെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇന്‍സ്റ്റാള്‍ ചെയ്ത പലര്‍ക്കും അവര്‍ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ നഷ്ടമായെന്ന വ്യാപക പരാതിയെ തുടര്‍ന്നാണിത്. മൈക്രോസോഫ്റ്റ് അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് തെളിഞ്ഞതോടെ താത്കാലികമായി അപ്‌ഡേഷന്‍ തടഞ്ഞിരിക്കുകയാണ് കമ്പനി.

വിന്‍ഡോസ് 10 ന്റെ പ്രധാന അപ്‌ഡേറ്റായ 1809 വേര്‍ഷനാണ് പ്രശ്‌നം കാണിക്കുന്നത്. അപ്‌ഡേറ്റ് ചെയ്തവര്‍ ഡോക്യുമെന്റ്‌സ്, പിക്‌ചേഴ്‌സ് ഫോള്‍ഡര്‍ എന്നിവ ഡിലീറ്റ് ചെയ്യപ്പെടുന്നു, അപ്‌ഡേഷന്‍ കഴിഞ്ഞു സൈന്‍ഇന്‍ ചെയ്തപ്പോള്‍ ഐട്യൂണ്‍സ് ലൈബ്രറിയൊഴികെ മറ്റു ഡോക്യുമെന്റ്‌സും ഫോട്ടോകളും അപ്രത്യക്ഷമായി തുടങ്ങിയ പരാതികളാണ് ഉന്നയിക്കുന്നത്.

മൈക്രോസോഫ്റ്റിനെ ഇഷ്ടപ്പെടുന്നവര്‍ പോലും കമ്പനിക്കെതിരെ രംഗത്തു വന്നു കൊണ്ടിരിക്കുകയാണ്. പ്രശ്‌നം ഗുരുതരമാണെന്നു കണ്ടതോടെ Windows 10 October 2018 Update (version 1809)) തത്കാലത്തേക്ക് തടഞ്ഞിരിക്കുകയാണെന്നാണ് മൈക്രോസോഫ്റ്റ് അറിയിച്ചിരിക്കുന്നത്.

വിന്‍ഡോസ് 10ല്‍ ഉപയോക്താവിന് ഒഎസ് അപ്‌ഡേറ്റുകളെ നിയന്ത്രിക്കാനാവില്ല എന്നതും പ്രശ്‌നമാണ്. വൈഫൈയുമായി കണക്ടു ചെയ്യുമ്പോള്‍ തനിയെ അപ്‌ഡേറ്റ് ഡൗണ്‍ലോഡാകും. എപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ് ഉപയോക്താവിന് തീരുമാനം എടുക്കാനാവുന്നത്.