മുഖ്യമന്ത്രി വസുന്ധരെ രാജെയുടെ പോസ്റ്ററിന് കീഴെ മൂത്രമൊഴിച്ച് രാജസ്ഥാന്‍ മന്ത്രി; പഴയ കീഴ്‌വഴക്കമെന്ന് വിശദീകരണം

single-img
8 October 2018

അജ്മീര്‍: മുഖ്യമന്ത്രി വസുന്ധരെ രാജെയുടെ ചിത്രം പതിച്ച പോസ്റ്ററിന് സമീപം മൂത്രമൊഴിക്കുന്ന രാജ്സ്ഥാന്‍ മന്ത്രിയുടെ ചിത്രം വൈറലാകുന്നു. മന്ത്രി ശുംഭു സിങ് കഠേസറാണ് മൂത്രമൊഴിച്ച് വിവാദത്തിലായത്. എന്നാല്‍ ഫോട്ടോ വൈറലായതിന് പിന്നാലെ വിഷയത്തില്‍ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

ഇത് വിവാദമാക്കാനൊന്നുമില്ലെന്നും പഴയ കീഴ്‌വഴക്കത്തിന്റെ ഭാഗമാണെന്നും മന്ത്രി പ്രതികരിച്ചു. മൂത്രമൊഴിക്കാനുള്ള സ്ഥലത്തുതന്നെയാണ് താന്‍ അതുചെയ്തത്. റാലി വേദിക്ക് സമീപം ശൗചാലയങ്ങള്‍ ഉണ്ടായിരുന്നില്ല. രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാന്‍ കിലോമീറ്ററുകള്‍ പോകാന്‍ കഴിയില്ലായിരുന്നുവെന്നും ശംഭുസിങ് പറഞ്ഞു.

സ്വഛ് ഭാരത് മിഷന്‍ പ്രധാന പദ്ധതിയായി മോദി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കെയാണ് ബി.ജെ.പി മന്ത്രിമാര്‍തന്നെ പൊതുസ്ഥലത്ത് മൂത്രവിസര്‍ജനം നടത്തുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ ചിത്രമുള്ള പോസ്റ്ററിനു സമീപം മൂത്രമൊഴിച്ചതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.