ബന്ധുക്കള്‍ക്ക് മുമ്പില്‍ ‘ആളാകാന്‍’ മോഷ്ടിച്ച കാറുമായി വിവാഹത്തിനെത്തിയ യുവതി പിടിയില്‍

single-img
8 October 2018

ഡ്രൈവറെ ഭീഷണിപ്പെടുത്തി കാറുമായി കടന്നുകളഞ്ഞ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗസാല എന്ന സ്വപ്‌നയും വംശ് വര്‍മയുമാണ് പോലീസ് പിടിയിലായത്. ഡെറാഡൂണില്‍ ടാക്‌സി ഡ്രൈവറായ സുബാം ശര്‍മ നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.

2009 ല്‍ വിവാഹിതയായ സപ്‌ന ഭര്‍ത്താവുമായി പിണങ്ങി വംശിനൊപ്പം ഡല്‍ഹിയില്‍ താമസിച്ചു വരികയായിരുന്നു. ബന്ധുക്കളുമായി അത്ര രസത്തിലല്ലാതിരുന്നതിനാല്‍ അവരില്‍ മതിപ്പുളവാക്കാന്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് സപ്ന മോഷണത്തിനൊരുങ്ങിയത്.

ഡെറാഡൂണില്‍ നിന്ന് ഡല്‍ഹിയിലേക്കും തിരിച്ചും ടാക്‌സി ബുക്ക് ചെയ്ത ശേഷം യാത്രക്കിടെ ഡ്രൈവറെ ഭീഷണിപ്പെടുത്തി ഇവര്‍ കാറുമായി കടന്നു കളയുകയായിരുന്നു. നമ്പര്‍ പ്ലേറ്റ് മാറ്റിയാണ് കാര്‍ ഉപയോഗിച്ചത്. കാറില്‍ ഘടിപ്പിച്ച ജിപിഎസ് ഉപകരണമാണ് പോലീസിന് കാര്‍ കണ്ടെത്താന്‍ സഹായകരമായത്.

സഹോദരന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ കാറുമായി പോയി മടങ്ങിയെത്തിയ ശേഷം രഘുബീര്‍ നഗറിനു സമീപം ഇവര്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗസാല എന്ന സപ്‌നയും വംശ് വര്‍മയും പോലീസ് പിടിയിലായത്.

രഘുബീര്‍ നഗറിലെ ഒരാളുടെ പക്കല്‍ നിന്നാണ് തോക്ക് സംഘടിപ്പിച്ചതെന്ന് സപ്‌നയും വംശും പോലീസിനോട് മൊഴി നല്‍കിയിട്ടുണ്ട്. ഇവരെ സഹായിച്ച മറ്റു രണ്ടു പേരെയും കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 4 നാണ് സംഭവം നടന്നത്.