സിനിമാസെറ്റിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു: നടനെതിരെ തനുശ്രീ ദത്ത പരാതി നല്കി
നടി തനുശ്രീ ദത്ത നടൻ നാനാ പടേക്കർക്കെതിരെ പൊലീസിൽ പരാതി നൽകി. 2008ൽ സിനിമാസെറ്റിൽ വെച്ച് നാനാപടേക്കർ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. പ്രൊജക്ടുമായി ബന്ധപ്പെട്ട കൊറിയോഗ്രാഫർ ഗണേഷ് ആചാര്യക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.
മുംബൈയിലെ പടിഞ്ഞാറൻ അന്ധേരിയിൽ ഒഷിവാര പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. 2008ൽ ഹോൺ ഒാകെ പ്ലീസ് എന്ന സിനിമയുടെ ഗാനചിത്രീകരണത്തിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്നാണ് പരാതി. പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ആരോപണം തെറ്റാണെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് നാനാ പടേക്കർ തനുശ്രീക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ തനിക്ക് നാനാപടേക്കറിൽ നിന്ന് യാതൊരു വിധ നോട്ടീസും ലഭിച്ചിട്ടില്ലെന്ന് അവർ വ്യക്തമാക്കിയിരുന്നു. തന്നെപ്പോലെ സമാന അനുഭവമുണ്ടായവർ മുന്നോട്ട് വരുന്നതിൽ നിന്ന് ഭയപ്പെടുത്താനാണ് ഇൗ ഭീഷണികൾ ഉയർത്തുന്നതെന്നും അവർ പറഞ്ഞിരുന്നു.