‘വിവാഹമോചനം എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു’: ഗായിക മഞ്ജരി
വിവാഹമോചനം തന്റെ ജീവിതത്തിലെ ഏറ്റവും ഇരുളടഞ്ഞ അധ്യായമല്ലെന്നും ഒരു രീതിയില്‍ നോക്കിയാല്‍ അത് സന്തോഷകരമായിരുന്നെന്നും ഗായിക മഞ്ജരി. കപ്പ ടിവി ഹാപ്പിനെസ്സ് പ്രോജക്ടിലാണ് മഞ്ജരി തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചത്. വിവാഹമോചനം തന്നെ എന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നു എന്ന് ഞാന്‍ മനസിലാക്കുന്നു.
ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരു പാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ.
മുംബൈയില്‍ താമസിക്കുന്ന സ്ഥിതിക്ക് ഒരുപാട് കാര്യങ്ങള്‍ ഒരു മനുഷ്യനെന്ന നിലയില്‍ എനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. നമ്മള് ഇപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തില്‍ പോലും വളരെ തിരഞ്ഞെടുപ്പുകള്‍ നടത്താറുണ്ട്. ഇതെനിക്കിഷ്ടാണ് അതെനിക്കിഷ്ടമല്ല അങ്ങനെ.
ഈ ഇഷ്ടങ്ങള്‍ എനിക്ക് വളരെ കൂടുതലായിരുന്നു. ഇന്ന് അതൊക്കെ മാറി. അവിടെ ഒരു നേരത്തെ ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത ആള്‍ക്കാരെ, അത് വാങ്ങിക്കന്‍ സാധിക്കാത്ത ആള്‍ക്കാരെ കാണുമ്പോള്‍, അതില്‍ നിന്നും ഒരുപാടു ഞാന്‍ പഠിച്ചിരുന്നു. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ എനിക്ക് എന്നില്‍ ഉണ്ടാക്കാന്‍ പറ്റിയിട്ടുണ്ട്. മറ്റുള്ളവരെ സഹായിക്കുമ്പോള്‍, അവര്‍ക്കെന്തെങ്കിലും വാങ്ങികൊടുക്കുമ്പോള്‍ അതില്‍ നിന്നും കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്.
അതില്‍ ഞാന്‍ വളരെ സന്തോഷവതിയായിരിക്കും. നേരത്തെ പറഞ്ഞത് പോലെ എന്റെ ഇമോഷണല്‍ ആസ്പെക്ട് അതിനെ വല്ലാതെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്, ഞാന്‍ ആരെയെങ്കിലും സഹായിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം..നമുക്ക് ലൈഫില്‍ ഏറ്റവും വേണ്ടത് ഇങ്ങനത്തെ ഒരു പ്രോജക്ട് ആണ്… ഹാപ്പിനസ്സ് പ്രോജക്ട്…ലൈഫ് എന്നത് ഒരു ഹാപ്പിനെസ്സ് പ്രൊജക്റ്റ് ആണ്. ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല.