ഹിന്ദു ധര്‍മ്മത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഒന്നും വിധിയില്‍ ഇല്ല: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമി

single-img
4 October 2018

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് ‘ജന്മഭൂമിയി’ല്‍ ഭാരതീയ വിചാര കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. സഞ്ജയന്റെ ലേഖനം. ഹിന്ദു ധര്‍മ്മത്തെയോ സമൂഹത്തെയോ ബാധിക്കുന്ന ഒന്നും വിധിയില്‍ ഇല്ലെന്നാണ് ലേഖനത്തില്‍ പറയുന്നത്. സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടത്തുകയാണെന്നും ലേഖനത്തില്‍ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ സങ്കല്‍പ്പങ്ങളെയോ ആചാരാനുഷ്ഠാനങ്ങളെയോ ഒരു തരത്തിലും ബാധിക്കുന്നില്ല. മാത്രമല്ല സ്ത്രീ തീര്‍ത്ഥാടകര്‍ വലിയ സംഖ്യയില്‍ എത്തിച്ചേരുന്നത് ആ ക്ഷേത്ര സങ്കേതത്തിന്റെ മഹത്വവും പ്രശസ്തിയും വര്‍ദ്ധിപ്പിക്കാനേ ഇടയാക്കൂ.

ഈ ഉത്തരവിന്റെ പ്രത്യാഘാതം പരിമിതമാണ്. അത് ശബരിമല ക്ഷേത്രത്തില്‍ മാത്രം ഒതുങ്ങുന്നതാണെന്നും ആര്‍.സഞ്ജയന്‍ ലേഖനത്തില്‍ പറയുന്നു. മുന്‍നിലപാട് മാറ്റി വിധിക്കെതിരെ നിയമമാര്‍ഗങ്ങള്‍ തേടണമെന്ന് ആര്‍എസ്എസ് പ്രസ്താവനയിറക്കിയതിന് പിന്നാലെയാണ് ബിജെപി മുഖപത്രത്തില്‍ ഇത്തരത്തിലൊരു ലേഖനം വന്നിരിക്കുന്നത്. ശബരിമലയില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന തലക്കെട്ടോടെയാണ് ലേഖനമുള്ളത്.

കോടതി ഉത്തരവിന്റെ അന്തഃസത്തയോട് വിയോജിക്കാന്‍ കഴിയില്ല. സന്ദര്‍ശിക്കണോ വേണ്ടയോ എപ്പോള്‍ സന്ദര്‍ശിക്കണമെന്നത് ഭക്താരയ സ്ത്രീകള്‍ക്ക് തന്നെ വിട്ടുകൊടുക്കുക. പുരുഷാധിപത്യത്തിന്റെ കാലം അവസാനിച്ചുവെന്ന് എല്ലാവരും മനസ്സിലാക്കണം.

ക്ഷേത്രങ്ങളുടെയും ധര്‍മ്മസ്ഥാപനങ്ങളുടെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണം ഹിന്ദുസമൂഹത്തെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. പക്ഷേ അവ സംരക്ഷിക്കപ്പെടേണ്ടത് കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിക്കൊണ്ടുവേണം. യുക്തിഹീനമായ മാമൂലുകളെ അതേപടി നിലനിര്‍ത്തുവാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ പരിശ്രമത്തിന് ചൂട്ടുപിടിച്ചു കൊടുക്കുന്നത് സമൂഹത്തില്‍ ജീര്‍ണ്ണതയും സംഘര്‍ഷവും ചൂഷണവും വര്‍ദ്ധിക്കാന്‍ മാത്രമേ സഹായിക്കൂ.

പരിവര്‍ത്തനോന്മുഖതയാണ് ആധുനിക ഹിന്ദു നവോത്ഥാനത്തിന്റെ മുഖമുദ്ര. അത് സൃഷ്ടിച്ച പ്രബുദ്ധതയെയും സമാജ ഐക്യത്തേയും സ്ഥാപിത താല്പര്യക്കാര്‍ക്ക് അവരുടെ ചൂഷണോപാധിയാക്കാന്‍ അനുവദിക്കരുത്. വൈകാരിക ഇളക്കത്തിന് സാധ്യതയുള്ള സന്ദര്‍ഭങ്ങളില്‍ ചിന്താശൂന്യമായ നിലപാടുകള്‍ ഗുണം ചെയ്യില്ലെന്നും ലേഖനത്തില്‍ പറയുന്നു.