ആലപ്പുഴയില്‍ നിന്നും ഒളിച്ചോടിയ അധ്യാപികയെയും വിദ്യാർഥിയെയും നാട്ടിലെത്തിച്ചു: കണ്ടെത്താൻ സഹായിച്ചത് മൊബൈൽ ഫോൺ

single-img
29 September 2018

തണ്ണീർ‍മുക്കത്തുനിന്നു നാടുവിട്ട അധ്യാപികയെയും പത്താം ക്ലാസ് വിദ്യാർഥിയെയും കണ്ടെത്താൻ സഹായകമായത് മൊബൈൽ ഫോൺ. അധ്യാപിക ഡെറോണി തമ്പി ചേർത്തലയിൽ നിന്നു പുറപ്പെട്ട ശേഷം പുന്നപ്രയിൽ എത്തിയപ്പോൾ ഫോൺ ഓഫ് ചെയ്തിരുന്നു. എന്നാൽ ചെന്നൈയിൽ എത്തിയ ശേഷം പുതിയ സിം വാങ്ങി ഇതേ ഫോണിൽ ഉപയോഗിച്ചതോടെയാണ് പൊലീസ് ഇവർ താമസിക്കുന്ന സ്ഥലം കണ്ടെത്തിയത്. ചെന്നൈയിൽ എത്തിയ ഇവർ അവിടെ വാടകയ്ക്കു വീടു കണ്ടെത്തി 40000 രൂപ അഡ്വാൻസ് നൽകിയിരുന്നതായി പൊലീസ് പറഞ്ഞു.

ചെലവുകൾക്കായി സ്വർണ പാദസരം വിറ്റു 59,000 രൂപ സമാഹരിച്ചിരുന്നു. ഇതിൽ നിന്നാണ് അഡ്വാൻസ് നൽകിയത്. 10,000 രൂപ ആറമ്പാക്കത്ത് ഇവർ താമസിച്ചിരുന്ന ഹോട്ടലിലും നൽകി. തിങ്കളാഴ്ച രാവിലെയാണ് അധ്യാപികയും വിദ്യാർഥിയും ചെന്നൈയിൽ മുറിയെടുത്തത്. എന്നാല്‍ മൊബൈൽ ഫോൺ ലൊക്കേഷൻ പിന്തുടർന്നു പൊലീസ് അവിടെ എത്തുകയായിരുന്നു.

ഇവരെ പിടികൂടി വിമാനത്തിൽ നെടുമ്പാശേരിയിൽ എത്തിച്ചു. പിന്നീടു ചേർത്തല ഡിവൈഎസ്പി ഓഫിസിലെത്തിച്ചു മൊഴിയെടുത്തു. ഡെറോണിയെ കോടതി റിമാൻഡ് ചെയ്തു. പിന്നീടു ജാമ്യം ലഭിച്ചു. വിദ്യാർഥിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി രക്ഷാകർത്താക്കൾക്കൊപ്പം അയച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് അധ്യാപികയ്ക്കെതിരേ കേസെടുത്തെന്ന് ചേർത്തല ഡിവൈഎസ്പി എ.ജി.ലാലും മുഹമ്മ എസ്ഐ എം.അജയ്മോഹനനും അറിയിച്ചു.

അധ്യാപിക നേരത്തേ വിദ്യാർഥിക്കു മൊബൈൽ ഫോണും ഷർട്ടും വാങ്ങി നൽകിയിരുന്നു. ഇതേപ്പറ്റി വിദ്യാർഥിയുടെ വീട്ടുകാർ അന്വേഷിച്ചപ്പോൾ ഗുരുശിഷ്യ ബന്ധം മാത്രമേയുള്ളൂ എന്നാണ് അധ്യാപിക പറഞ്ഞത്. തുടർന്നു വിദ്യാർഥിയുടെ വീട്ടിലെത്തി അധ്യാപിക സംസാരിച്ചിരുന്നു. അധ്യാപികയെ യാത്രയാക്കാൻ ബസ് സ്റ്റോപ്പിലേക്കെന്നു പറഞ്ഞു വിദ്യാർഥി ഒപ്പം പോയി. തുടർന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു.