റഫാല്‍ വിമാന ഇടപാടില്‍ മോദി സര്‍ക്കാരിനെ പ്രതികൂട്ടിലാക്കി കൂടുതല്‍ തെളിവുകള്‍ പുറത്ത്

single-img
27 September 2018

റഫാല്‍ കരാറില്‍ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നതായി റിപ്പോര്‍ട്ട്. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പറഞ്ഞ കരാറിനേക്കാള്‍ കൂടിയ വിലയ്ക്ക് 36 വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിനെതിരെയാണ് അക്വിസിഷന്‍ മാനേജര്‍ കൂടിയായ ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയത്.

ഇത് മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ കരാറിന് അംഗീകാരം നല്‍കിയത്. പ്രതിരോധമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറും ഫ്രഞ്ച് പ്രതിരോധമന്ത്രിയും തമ്മില്‍ കരാര്‍ ഒപ്പിടുന്നതിന് ഒരു മാസം മുന്‍പ് കോണ്‍ട്രാക്ട് നെഗൊസിയേഷന്‍സ് കമ്മിറ്റി (സിഎന്‍സി) അംഗമായിരുന്ന ഉദ്യോഗസ്ഥന്‍ വിയോജനക്കുറിപ്പ് എഴുതിയിരുന്നുവെന്നാണ് ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മന്ത്രിസഭാ അംഗീകാരം ലഭിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ നടപ്പാക്കേണ്ട ഉദ്യോഗസ്ഥന്‍ തന്നെ എതിര്‍പ്പുയര്‍ത്തിയതോടെ തുടര്‍നടപടികളിലും വീഴചയുണ്ടായി. മന്ത്രിസഭയുടെ അംഗീകാരം ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാകുകയും ചെയ്തു. പ്രതിരോധമന്ത്രാലയത്തിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ തള്ളി ഒപ്പിട്ടതോടെയാണ് കരാര്‍ മുന്നോട്ടുപോയത്.

അതേസമയം, വിയോജനക്കുറിപ്പിനെ കുറിച്ച് നിലവില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) അന്വേഷണം നടത്തുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് ഡിസംബറില്‍ പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു മുന്‍പായി സമര്‍പ്പിക്കുമെന്നാണു കരുതുന്നത്.

വിയോജനക്കുറിപ്പിനെ കുറിച്ചും അത് തള്ളിക്കളയുന്നതിനുള്ള കാരണവും സിഎജിയുടെ അന്വേഷണ പരിഗണനയിലുള്ള വിഷയമാണ്. 2015 ലെ പാരിസ് സന്ദര്‍ശനവേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 36 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. പിന്നീട് 2016ല്‍ മനോഹര്‍ പരീക്കറും ഫ്രഞ്ച് മന്ത്രിയും കരാറില്‍ ഒപ്പുവച്ചു.