ഫ്രാങ്കോ മുളയ്ക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനാഫലം: കൊതുകുകടി കൊണ്ട് കമ്പിളി വിരിപ്പില്‍ കിടന്നുറങ്ങിയ ബിഷപ്പിന്റെ ആദ്യ ജയില്‍ ദിനം ‘സൗഖ്യം’

single-img
25 September 2018

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗികശേഷി പരിശോധനാഫലം കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ പൊലീസിനെ അറിയിച്ചു. ലൈംഗികശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.

കേസില്‍ ഇത് നിര്‍ണായക തെളിവാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഇതിനിടെ അന്വേഷണം ജലന്തറിലേക്ക് വ്യാപിപ്പിക്കാനും അന്വേഷണസംഘം ശ്രമം ആരംഭിച്ചു. ബിഷപിന്റെ അസാന്നിധ്യത്തില്‍ കൂടുതല്‍ തെളിവുകള്‍ തേടി അന്വേഷണ സംഘം അടുത്തയാഴ്ച ജലന്തറിലെത്തും. ബിഷപ്പ് ജയിലിലായതോടെ കൂടുതല്‍ പേര്‍ പരാതികളും നിര്‍ണായ വിവരങ്ങളും നല്‍കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം ഇന്നലെ പാലാ സബ് ജയിലില്‍ എത്തിയ ബിഷപ്പ് ആരോഗ്യവാനാണെന്ന് ജയില്‍ അധികൃതര്‍. ജയിലിലെ കമ്പിളി വിരിപ്പില്‍ കിടന്നാണ് ഫ്രാങ്കോ ഉറങ്ങിയത്. കൊതുക് ശല്യം ഉണ്ടായിരുന്നെങ്കിലും സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്‍ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.25ന് പാലാ സബ് ജയിലില്‍ പ്രവേശിച്ച ഉടന്‍ റിമാന്‍ഡ് പ്രതിയുടെ ക്രമനമ്പര്‍ 5968 നല്‍കി. തുടര്‍ന്ന് ജയില്‍ വസ്ത്രങ്ങളും വിതരണം ചെയ്തു. പക്ഷേ, ധരിച്ചിരുന്ന പാന്റും ജുബ്ബയും ധരിക്കാന്‍ ജയില്‍ അധികൃതര്‍ അനുവദിക്കുകയായിരുന്നു.

എന്നാല്‍ ബെല്‍റ്റ് ഊരിവാങ്ങി. റിമാന്‍ഡ് പ്രതിയായതിനാലാണ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ ജയിലില്‍ അനുമതിയുണ്ട്. മൂന്നാം നമ്പര്‍ സെല്ലിലാണ് ബിഷപ്പ് ഫ്രാങ്കോയെ പാര്‍പ്പിച്ചിട്ടുള്ളത്. മറ്റു രണ്ടു പേര്‍ കൂടി കൂട്ടിനുണ്ട്. ഒരാള്‍ അതിര്‍ത്തിക്കേസ് തര്‍ക്കത്തില്‍ അറസ്റ്റിലായതാണ്.

മറ്റെയാള്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനും. ഇന്നലെ വൈകിട്ട് ചോറും പുഴുക്കും രസവും കഴിച്ചു. ഉച്ചക്ക് ഏറെ താമസിച്ചാണ് ജയിലിലെത്തിയതെങ്കിലും നല്ല വിശപ്പ് ഉണ്ടായിരുന്നതിനാല്‍ ചോറും മീന്‍കറിയും അവിയലും കൂട്ടി ശരിക്ക് ഭക്ഷണം കഴിച്ചു. വൈകുന്നേരം ചായയും കഴിച്ചു.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു പ്രഭാത ഭക്ഷണം. ഉപ്പുമാവും പഴവും ചായയുമായിരുന്നു. ജയില്‍ അധികൃതര്‍ ഇന്നലെ തന്നെ പ്‌ളേറ്റും ഗ്ലാസും നല്‍കിയിരുന്നു. രണ്ടു ഉദ്യോഗസ്ഥരെ ബിഷപ്പിന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.