‘വാട്ടര്‍ അതോറിറ്റിക്കാരെ കൊണ്ട് തോറ്റു’: ജര്‍മന്‍ ടെക്‌നോളജിയില്‍ കേരളത്തില്‍ ആദ്യമായി പണിത റോഡ് മണിക്കുറൂകള്‍ക്കുള്ളില്‍ വെട്ടിപൊളിച്ചു

single-img
24 September 2018

‘ഏതെങ്കിലും റോഡ് ടാര്‍ ചെയ്യാന്‍ കാത്തിരിക്കുകയാണ് വാട്ടര്‍ അതോറിറ്റിക്കാര്‍. പിന്നെ ഉടനിറങ്ങും പിക്കാസും, കൈക്കോട്ടുമായി’. പണ്ട് മുതലെ വാട്ടര്‍ അതോറിറ്റിക്കെതിരെയുള്ള ആരോപണമാണിത്. അത് തെറ്റിക്കില്ലെന്ന് ഇപ്പോഴും വാട്ടര്‍ അതോറിറ്റി തെളിയിച്ചിരിക്കുകയാണ്.

കേരളത്തില്‍ ആദ്യമായി ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരീക്ഷണ അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന ആനയടിപഴകുളം റോഡില്‍ ടാറിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം തന്നെ വാട്ടര്‍ അതോറിറ്റി വെട്ടിപൊളിച്ചു. മൃഗാശുപത്രി ജംഗ്ഷന്‍, കള്ളപ്പന്‍ചിറ ജംഗ്ഷന്‍, മേടയില്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് റോഡ് ജെ സി ബി ഉപയോഗിച്ച് വെട്ടിപൊളിച്ചത്.

വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിപോയത് മാറ്റി സ്ഥാപിക്കാനാണ് റോഡ് വെട്ടിപൊളിക്കേണ്ടിവന്നതെന്നാണ് വാട്ടര്‍ അതോറിറ്റി പറയുന്നത്. എന്നാല്‍ ഇതിന് നേരത്തെ സമയം നല്‍കിയിരുന്നെന്നും ടാറിംഗ് കഴിഞ്ഞപ്പോഴാണ് അറ്റകുറ്റപണിക്ക് വാട്ടര്‍ അതോറിറ്റി എത്തിയതെന്നുമാണ് പൊതുമരാമത്ത് വകുപ്പധികൃതര്‍ പറയുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 2 മണിവരെ ടാറിംഗ് ജോലികള്‍ നടന്നിരുന്നു. രാവിലെ എട്ട് മണിയോടെയാണ് റോഡ് വെട്ടിപൊളിച്ചത്.
ഈ മാസം 2 നാണ് നിര്‍മാണം ആരംഭിച്ചത്. പത്ത് ദിവസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നാണ് പറഞ്ഞിരുന്നത്. നിര്‍മാണത്തിന്റെ ഒന്നാം ഘട്ടം പതിനഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിച്ചിരുന്നു.

വാട്ടര്‍ അതോറിറ്റിയുടെ മെയിന്റനന്‍സ് വര്‍ക്കുകള്‍ കഴിയാന്‍ കാത്തിരുന്നെങ്കിലും നിര്‍മാണം ഒന്നും നടക്കാത്തതിനെ തുടര്‍ന്നാണ് ടാറിംഗ് ജോലികള്‍ പുനരാരംഭിച്ചത്. എന്നാല്‍ ടാര്‍ ഉണങ്ങും മുന്‍പേ റോഡ് വെട്ടിപൊളിച്ചത് നാട്ടുകാരില്‍ വലിയ പ്രതിഷേധത്തിനിടയാക്കി. കുടിവെള്ളത്തിന്റെ കാര്യമാണങ്കിലും ചെയ്യേണ്ട ജോലി സമയത്ത് ചെയ്യാതിരുന്നതിനാലാണ് നാട്ടുകാര്‍ രോക്ഷാകുലരായത്.