മധ്യപ്രദേശിലെ കാബിനറ്റ് മന്ത്രി പത്മ ശുക്ല ബി.ജെ.പിയില്‍ നിന്നും രാജിവെച്ചു; കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്

single-img
24 September 2018

മധ്യപ്രദേശ് ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയിലെ മന്ത്രിയായ പത്മ ശുക്ല ബി.ജെ.പി വിട്ടതായി റിപ്പോര്‍ട്ടുകള്‍. പത്മ കോണ്‍ഗ്രസില്‍ ചേരുമെന്ന് എ.ബി.പി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശ് പബ്ലിക് വെല്‍ഫെയര്‍ ബോര്‍ഡ് മേധാവിയായിരുന്നു പത്മ ശുക്ല.

കോണ്‍ഗ്രസില്‍ ചേരുന്നതിന്റെ ഭാഗമായി പത്മ മധ്യപ്രദേശ് കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍ നാഥുമായി കൂടിക്കാഴ്ച നടത്തിയതായും പാര്‍ട്ടി മെമ്പര്‍ഷിപ്പ് എടുത്തതായുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം ശുക്ല ബി.ജെ.പി വിടാനുള്ള കാരണം വ്യക്തമല്ല.

മധ്യപ്രദേശില്‍ ചൗഹാനും ബി.ജെ.പിക്കുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ 15 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുങ്ങുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും രണ്ട് മാസം ബാക്കിനില്‍ക്കെ മന്ത്രിയുടെ രാജി ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സ്ഥാപക നേതാവുമായ ജസ്വന്ത് സിംഗിന്റെ മകനും നിലവില്‍ ബിജെപിയുടെ നിയമസഭാംഗവുമായ മാനവേന്ദ്ര സിംഗ് ബിജെപി വിട്ടിരുന്നു. ജയ്‌സാല്‍മീര്‍, ബാര്‍മിര്‍ മേഖലയിലെ ആയിരക്കണക്കിന് അനുയായികളും മാനവേന്ദ്ര സിങ്ങിനൊപ്പം രാജി വെച്ച് കോണ്‍ഗ്രസില്‍ ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാനവേന്ദ്ര സിംഗ് രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉന്നയിച്ചത്.

ബി.ജെ.പി ഇനിയും അധികാരത്തിലെത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതുന്നില്ല. കാരണം ജനങ്ങള്‍ക്ക് അവരെ വേണ്ട. അത്രമാത്രം അവര്‍ ബി.ജെ.പിയെ വെറുത്തുകഴിഞ്ഞു. അഴിമതിയും സ്വജനപക്ഷപാതവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. വീണ്ടും അധികാരത്തിലെത്താന്‍ ബി.ജെപിക്ക് ഒരു തരത്തിലും കഴിയില്ലെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ബി.ജെ.പി തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ കൃത്യമായി നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നത്. അവിടെ ജനങ്ങളുടെ ക്ഷേമത്തിനോ താത്പര്യത്തിനോ അവര്‍ പാധാന്യം നല്‍കുന്നില്ലെന്നും മാനവേന്ദ്ര സിങ് പറഞ്ഞു.