‘പരീക്ഷണമെങ്കില്‍ സ്വയം പണം മുടക്കണം’: നടന്‍ പൃഥ്വിരാജിനെതിരെ ആഞ്ഞടിച്ച് നിര്‍മാതാവ്

single-img
23 September 2018

താന്‍ നായകനായെത്തിയ രണം വിജയിച്ചില്ലെന്ന പൃഥ്വിരാജിന്റെ പരസ്യ പ്രസ്താവനയ്‌ക്കെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ബിജു ലോസണ്‍ രംഗത്ത്. തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്ന സിനിമയെക്കുറിച്ച് ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും ഈ ചിത്രം പരീക്ഷണമായിരുന്നെങ്കില്‍ അദ്ദേഹം സ്വന്തം പണം മുടക്കി അത് നിര്‍മിക്കണമായിരുന്നുവെന്നും ബിജു പറഞ്ഞു.

പടം ആവറേജാണ്. പക്ഷേ തിയറ്ററില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇങ്ങനെ ഒരിക്കലും പറയരുതായിരുന്നു- അദ്ദേഹം കുറച്ചു. നേരത്തെ പൃഥ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ നടന്‍ റഹ്മാനും രംഗത്തുവന്നിരുന്നു. റഹ്മാന്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയ പ്രതികരണത്തിന് താഴെ നടന്ന ചര്‍ച്ചയിലാണ് ബിജു ലോസണിന്റെ പ്രതികരണം.

പൃഥ്വി പറഞ്ഞത് വസ്തുതയാണെന്നും ചിത്രം ഗംഭീരമാണെന്നതില്‍ സംശയമില്ലെന്നും പക്ഷേ പ്രേക്ഷക പ്രതികരണം ശരാശരി ആയിരുന്നുവെന്നും ഒരു പ്രേക്ഷകന്‍ ബിജു ലോസണെ ടാഗ് ചെയ്തുകൊണ്ട് അഭിപ്രായപ്പെട്ടു. ഈ കമന്റിന് മറുപടി നല്‍കിയാണ് ബിജു തന്റെ നിലപാട് വ്യക്തമാക്കിയത്.

‘കൂടെ പോലെ ചില സിനിമകള്‍ വിജയമാകും. എന്നാല്‍ രണം പോലെ ചില സിനിമകള്‍ വിജയിക്കില്ല. ഇതറിഞ്ഞുകൊണ്ടാണ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതെന്നും അതല്ലെങ്കില്‍ കുറേക്കാലം കഴിയുമ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ നടത്തിയില്ലല്ലോ എന്നോര്‍ത്ത് തനിക്ക് സങ്കടം തോന്നുമെന്നും പൃഥ്വി ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. ഈ പരാമര്‍ശം സാമൂഹിക മാധ്യമത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടു. ഇത് റഹ്മാനെയും പ്രകോപിപ്പിച്ചിരുന്നു.

റഹ്മാന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒരിക്കല്‍ രാജുമോന്‍ എന്നോടു ചോദിച്ചു, അങ്കിളിന്റെ അച്ഛനാരാണെന്ന്. ഞാന്‍ പറഞ്ഞു, ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലുമെല്ലാമുള്ള ഒരു രാജാവ്. ആ രാജാവിന്റെ മകനാണ് ഞാന്‍. എനിക്കുള്ള സകലതും എനിക്കു തന്ന സിനിമയെന്ന രാജാവിന്റെ മകന്‍. അന്നും ഇന്നും.

ദാമോദര്‍ ഡിട്രോയ്റ്റിലെ രാജകുമാരനായിരുന്നു. ആദി. അയാള്‍ക്കു സ്വന്തം അനുജനെപ്പോലെയായിരുന്നു. പക്ഷേ, ഒടുവില്‍ ആ അനുജന്റെ കുത്തേറ്റു തന്നെ ദാമോദര്‍ വീണു. അതുകണ്ട് കാണികള്‍ കയ്യടിക്കുകയും കരയുകയുമൊക്കെ ചെയ്തതുകൊണ്ടാണ് ‘രണ’മെന്ന രാജാവ് യുദ്ധം ജയിച്ചത്. അതുകൊണ്ടാണ് സിനിമയെന്ന മഹാരാജാവ് എപ്പോഴും വിജയിച്ചു തന്നെ നില്‍ക്കുന്നത്.

അങ്ങനെയുള്ള രാജാവിനെ ആരെങ്കിലും തള്ളിപ്പറഞ്ഞാല്‍. അതെന്റെ കുഞ്ഞനുജനാണെങ്കില്‍ കൂടി, എന്റെ ഉള്ളു നോവും… കുത്തേറ്റവനെ പോലെ ഞാന്‍ പിടയും.