ബി.ജെ.പിയിലെ കലാപം രൂക്ഷമാവുന്നു: പാര്‍ട്ടി റാലിയില്‍ മുഖ്യമന്ത്രിയുടെ മുന്നില്‍വെച്ച് ബി.ജെ.പി നേതാക്കള്‍ തമ്മിലടിച്ചു: വീഡിയോ

single-img
23 September 2018

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ രാജസ്ഥാന്‍ ബി.ജെ.പിയിലെ കലാപം രൂക്ഷമാവുന്നു. ആല്‍വാറില്‍ കഴിഞ്ഞ ദിവസം നടന്ന മുഖ്യമന്ത്രിയുടെ ഗൗരവ് യാത്രക്കിടെ മുഖ്യമന്ത്രിയെ സാക്ഷിയാക്കി വേദിയില്‍ ബി.ജെ.പി നേതാക്കന്‍മാര്‍ തമ്മിലടിച്ചു. ഇതിന്റെ വീഡിയെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രചരിച്ചു.

സംസ്ഥാനത്ത് ഉടന്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ സംഭവം പാര്‍ട്ടിക്ക് നാണക്കേടായിട്ടുണ്ട്. രോഹിതാഷ് ശര്‍മ, ദേവി സിംഗ് ഷെഖാവത് എന്നീ രണ്ട് നേതാക്കളാണ് സ്‌റ്റേജിനുള്ളില്‍ വച്ച് തമ്മില്‍ തല്ലിയത്. വേദിയില്‍ ഉണ്ടായിരുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ ഭടന്മാര്‍ ഇടപെട്ടതോടെയാണ് ഇവര്‍ സംഘര്‍ഷം അവസാനിപ്പിച്ചത്.

നേതാക്കളെ ബലം പ്രയോഗിച്ച് ഇവര്‍ സ്‌റ്റേജില്‍ നിന്നും പുറത്താക്കുകയും ചെയ്തു. വസുന്ധര രാജ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കം പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് വിവരം. സംഘര്‍ഷത്തിന് പിന്നാലെ ഇരുനേതാക്കളും ആരോപണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു.

തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തിക്കാനായി വസുന്ധര രാജെ നടത്തുന്ന ഗൗരവ് യാത്രയും തുടക്കം മുതലേ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. പാര്‍ട്ടിയുടെ പ്രചരണത്തിനായി മുഖ്യമന്ത്രി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.

40 ദിവസം നീളുന്ന യാത്രയില്‍ ഒരു ഘട്ടത്തിലും സംസ്ഥാന സര്‍ക്കാര്‍ പരിപാടികള്‍ നടത്തരുതെന്ന് രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്തെ 165 നിയമസഭാ മണ്ഡലങ്ങളിലൂടെ മുന്നേറുന്ന യാത്ര ആകെ 6054 കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിക്കുക.

ഇതിനിടെ, ബി.ജെ.പി നേതാവ് മാനവേന്ദ്ര സിങ് പാര്‍ട്ടിവിട്ടതോടെ ബി.ജെ.പി കൂടുതല്‍ പ്രതിസന്ധിയിലായി. ഗൗരവ് റാലിക്ക് സമാനമായി ബാര്‍മറില്‍ സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചായിരുന്നു മാനവേന്ദ്ര സിങിന്റെ രാജി പ്രഖ്യാപനം. വസുന്ധര സര്‍ക്കാരില്‍ അതൃപ്തരായ രജപുത് സമുദായാംഗങ്ങളെ അണിനിരത്തിയായിരുന്നു മാനവേന്ദ്ര സ്വാഭിമാന്‍ സമ്മേളന്‍ സംഘടിപ്പിച്ചത്.

മാനവേന്ദ്ര കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നും അല്ലാത്ത പക്ഷം നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബി.ജെ.പിയുടെ വോട്ട് ബാങ്കായ രജപുത് സമുദായത്തെ ഒപ്പം കൂട്ടി മുന്നോട്ട് പോകാനാണ് മാനവേന്ദ്രയുടെ തീരുമാനം. മാനവേന്ദ്രയടക്കം 2013ല്‍ 14 എം.എല്‍.എമാര്‍ വന്ന സമുദായമാണ് രജപുത്.

പിതാവും മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി സ്ഥാപക നേതാവുമായ ജശ്വന്ത് സിങിന് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് മാനവേന്ദ്ര സിങ് അതൃപ്തനായത്. രജപുത് സമുദായാംഗമായ മാനവേന്ദ്രയുടെ രാജി പ്രഖ്യാപനം ബി.ജെ.പിയുടെ വോട്ട് ബാങ്കില്‍ വലിയ കുറവുണ്ടാക്കിയേക്കും. ജാട്ട്, രജപുത് വിഭാഗങ്ങളില്‍ നിന്നുള്ള വോട്ടുകളായിരുന്നു വസുന്ധര രാജസിന്ധ്യ സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.

ഈ വോട്ടുകള്‍ പിളരുന്നത് മുതലെടുക്കാനായാല്‍ സംസ്ഥാനത്ത് വലിയ നേട്ടമാകുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍. എസ്.സി എസ്.ടി അധിക്രമ നിരോധന നിയമ ഭേദഗതി ബില്ലിനെതിരെ വലിയ രീതിയില്‍ പ്രതിഷേധമുണ്ടായ സംസ്ഥാനമായിരുന്നു രാജസ്ഥാന്‍. മാനവേന്ദ്ര കൂടി പാര്‍ട്ടി വിടുന്നതോടെ മുന്നോക്ക വിഭാഗ വോട്ടുകളില്‍ വലിയ വിള്ളലാണ് രൂപപ്പെടുന്നത്.