ഇന്ത്യയുടെ പ്രതികരണം ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ഖാന്‍

single-img
22 September 2018

വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് പിന്മാറിയ ഇന്ത്യയുടെ നിലപാടില്‍ പ്രതികരണവുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള തന്റെ വാഗ്ദാനം നിഷേധിച്ച ഇന്ത്യയുടെ നടപടി ധാര്‍ഷ്ട്യം നിറഞ്ഞതെന്ന് ഇംറാന്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ പ്രതികരണം നിരാശപ്പെടുത്തുന്നു. വിശാല കാഴ്ചപ്പാടില്ലാത്ത എത്രയോ ചെറിയ മനുഷ്യര്‍ വലിയ പദവികള്‍ വഹിക്കുന്നത് തന്റെ ജീവിതത്തില്‍ കണ്ടിട്ടുണ്ടെന്നും മോദിയെ പേരെടുത്തു പറയാതെ ഇംറാന്‍ ഖാന്‍ പറഞ്ഞു. ജമ്മുകശ്മീരില്‍ ഭീകരര്‍ മൂന്ന് പൊലീസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നടക്കാനിരുന്ന ഇന്ത്യപാക് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.

തീവ്രവാദിയായ ബുര്‍ഹാന്‍ വാനിയുടെ തപാല്‍ സ്റ്റാമ്പ് പാകിസ്താന്‍ പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിപ്പിച്ചു. പാക് പിന്തുണയോടെയുള്ള കൊലയെ നിഷ്ഠുരമെന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍, ഇത്തരമൊരു സാഹചര്യത്തില്‍ സംഭാഷണം അര്‍ഥശൂന്യമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.